മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസും ടൊവിനോ തോമസ് ട്രിപിൾ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണവും (എആർഎം) ക്ലാഷ് റിലീസിനോ? റിപ്പോർട്ടുകൾ പ്രകാരം ഇരു ചിത്രങ്ങളും സെപ്റ്റംബർ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അങ്ങനെയെങ്കിൽ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങളുടെ ക്ലാഷ് ആണ് വരാനിരിക്കുന്നത്.
ടൊവിനോ ചിത്രം എആർഎം സെപ്റ്റംബറിൽ റിലീസിനെത്തിക്കാനാണ് നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മെയ് ആറിന് മോഹൻലാൽ സെപ്റ്റംബർ 12 എന്ന ബറോസിന്റെ റിലീസ് പ്രഖ്യാപനവും നടത്തിയിരുന്നു.
'മൈ ഡിയര് കുട്ടിച്ചാത്തന്റെ' സംവിധായകൻ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കും അതുപോലെ മോഹൻലാലിനും ബറോസിനെ കുറിച്ചുള്ളത്.
ബിഗ് ബജറ്റ് ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' ത്രീഡി ഫോര്മാറ്റിലും റിലീസ് ചെയ്യും. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കല് എന്റര്ടെയ്നറാണ് എജിഎം.