കേരള ബോക്സ് ഓഫീസിൽ തകർപ്പൻ കളക്ഷനുമായി ഈ കൊല്ലം വന്നത് നിരവധി സിനിമകളാണ്. 100 കോടിയുടെ നാല് സിനിമകൾ കേരളത്തിൽ മിന്നും വിജയം സ്വന്തമാക്കിയപ്പോൾ നിരൂപക ശ്രദ്ധ നേടിയും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തും മൗത്ത് പബ്ലിസിറ്റിയിലൂടെയും വിജയിച്ച സിനിമകളുടെ മറ്റൊരു നിര തന്നെയുണ്ട്. അത്തരത്തിൽ 2024-ന്റെ പകുതിയോടടുക്കുമ്പോൾ ഇതുവരെ മോളിവുഡ് ബോക്സ് ഓഫിസിൽ തിളങ്ങി നിൽക്കുന്ന ആദ്യ പത്ത് സിനിമകളിതാ.
പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത് നജീബിന്റെ മരുഭൂമി ജീവിതം തുറന്നു കാണിച്ച ബ്ലെസിയുടെ 'ആടുജീവിത'മാണ്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള ബോക്സ് ഓഫീസിൽ മാത്രം സ്വന്തമാക്കിയത് 79 കോടി രൂപയാണ്. രണ്ടാം സ്ഥാനത്താകട്ടെ കേരളത്തെയും തെന്നിന്ത്യയെയും ആവേശത്തിരയിലാക്കിയ ഫഹദ് ഫാസിൽ-ജിതു മാധവൻ കൂട്ടുകെട്ടിന്റെ 'ആവേശ'മാണ്. ആവേശത്തിന്റെ ആകെയുള്ള കേരള ബോക്സ് ഓഫീസ് കളക്ഷൻ 76.15 കോടിയാണ്.
ആവേശത്തിന് പിന്നാലെ തെന്നിന്ത്യയാകെ തരംഗം സൃഷ്ടിച്ച സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ സർവൈവൽ ത്രില്ലർ ആഗോളതലത്തിൽ 220 കോടിയിലേറെ കളക്ട് ചെയ്തപ്പോൾ കേരളത്തിൽ നിന്ന് മാത്രം നേടിയത് 72.10 കോടിയാണ്. മഞ്ഞുമ്മൽ ബോയ്സ് കഴിഞ്ഞാൽ ലിസ്റ്റിൽ ഒപ്പമുള്ളത് വലിയ താരനിരയില്ലാതെ പ്രേക്ഷകരെ കയ്യിലെടുത്ത 'പ്രേമലു' ആണ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ റോം-കോം ചിത്രം മറ്റൊരു 100 കോടി സിനിമയായിരുന്നു. 62.75 കോടിയാണ് മലയാളത്തിൽ നിന്ന് പ്രേമലു സ്വന്തമാക്കിയത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ 80കളിലെ സിനിമ ജീവിതം പറഞ്ഞ 'വർഷങ്ങൾക്ക് ശേഷം' നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. 38.4 കോടിയാണ് വർഷങ്ങൾക്ക് ശേഷം സിനിമ മോളിവുഡ് ബോക്സ് ഓഫീസിൽ നേടിയത്. ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു 'ഭ്രമയുഗം'. മേക്കിങ്ങിലും ഉള്ളടക്കത്തിലും ഏറെ പ്രത്യേകതകളുമായെത്തിയ ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു. 24.15 കോടി രൂപ കേരളത്തിൽ നിന്ന് ഭ്രമയുഗം സ്വന്തമാക്കിയിരുന്നു.
ജയറാം നായകനായി മമ്മൂട്ടി കാമിയോയിൽ തിളങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'എബ്രഹാം ഓസ്ലർ'. 23.05 കോടി നേടിയ ചിത്രം കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'മലൈക്കോട്ടൈ വാലിബനാ'ണ് മറ്റൊരു ചിത്രം. 14.5 കോടി കേരളത്തിൽ നിന്ന് മാത്രം ചിത്രത്തിന് നേടാനായി. ടൊവിനോ തോമസ് നായകനായ 'അന്വേഷിപ്പിൻ കണ്ടെത്തും' ഡിജോ ജോസ് ആന്റണിയുടെ നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുമാണ് ആദ്യ പത്തിലെ അവസാന ചിത്രങ്ങൾ. അന്വേഷിപ്പിൻ കണ്ടെത്തും 10.15 കോടിയും മലയാളി ഫ്രം ഇന്ത്യ 9.85 കോടിയും മോളിവുഡ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കി.
'പ്രീതി സിന്റെയും ലാർസും ബ്രേക്ക് അപ് ആകാൻ കാരണം ഞാനല്ല'; വെളിപ്പെടുത്തി സുചിത്ര പിള്ളൈ