മമ്മൂട്ടി അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഈ വർഷം ഹിറ്റടിച്ച ചിത്രമാണ് ഭ്രമയുഗം. ഈ കോംബോ വീണ്ടും ഒന്നിക്കുകയാണ് വൈശാഖ് സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോയിലൂടെ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുംകൊണ്ട് സമ്പന്നമായിരുന്നു ടർബോയുടെ ട്രെയിലർ.
ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ചിത്രമാണ് ടർബോ. മാസ് രംഗങ്ങൾക്കൊപ്പം ട്രെയിലർ കൂടുതൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കാൻ കാരണം അവസാനഭാഗത്തെ ഗാനമാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ അശോകനാണ്. ക്രിസ്റ്റോ സേവ്യർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. ട്രെയിലറിൽ കേൾക്കുന്ന അതേ ഭാഗം അർജുൻ അശോകൻ സ്റ്റുഡിയോയിൽ പാടുന്ന വീഡിയോയും ക്രിസ്റ്റോ പങ്കുവെച്ചിട്ടുണ്ട്. സംഗീതസംവിധായകനെയും വീഡിയോയിൽ കാണാം. സിംഗർ അർജുൻ അശോകൻ എന്നെഴുതി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് നന്ദിയറിയിച്ച് അർജുൻ കമന്റ് ചെയ്തിട്ടുമുണ്ട്.
'മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും'; സന്നിധാനന്ദനെതിരായ അധിക്ഷേപം, പ്രതികരിച്ച് ഹരിനാരായണൻ
മിഥുൻ മാനുവൽ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.