വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേർപിരിഞ്ഞ വാർത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തിൽ തങ്ങൾ സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും സോഷ്യൽ മീഡിയയോടും ആരാധകരോടും ജി വി പ്രകാശ് പത്രകുറിപ്പിലൂടെ അറിയിച്ചു.
ഒരുപാടു ആലോചനകൾക്ക് ശേഷം 11 വർഷത്തെ നീണ്ട വിവാഹബന്ധത്തിൽ നിന്നും ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്പര ബഹുമാനത്തോടെ എടുത്ത തീരുമാനമാണിത്. ഞങ്ങളുടെ വ്യക്തിപരമായ മുൻപോട്ടുള്ള ജീവിതത്തിനായി ഞങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും സുഹൃത്തുക്കളും ആരാധകരും മനസിലാക്കണമെന്നും മാനിക്കണമെന്നും അഭ്യർഥിക്കുന്നു. ഞങ്ങൾ പരസ്പരം എടുക്കുന്ന മികച്ച തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് നിങ്ങളുടെ പിന്തുണ ഏറെ വലുതാണ്, ജി വി പ്രകാശ് കുറിച്ചു.
ജി വിയുടേതും സൈന്ധവിയുടേതും സ്കൂൾ കാലം മുതലുള്ള സൌഹൃദമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2013ലാണ് ഇരുവരും വിവാഹിതരായത്. അൻവി ഇവരുടെ മകളാണ്. എ ആർ റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയ 'ജെന്റിൽമാൻ' എന്ന ചിത്രത്തിലൂടെ ഗായകനായി അരങ്ങേറ്റം കുറിച്ച ജി വി പ്രകാശ് റഹ്മാന്റെ സഹോദരീപുത്രനാണ്. 2004-ൽ 'അന്യൻ' എന്ന സിനിമയിൽ ഹാരിസ് ജയരാജിന്റെ സംഗീതത്തിലൊരിങ്ങിയ ഗാനത്തിലൂടെയാണ് സൈന്ധവി തമിഴ് പിന്നണി ഗാനരംഗത്ത് ചുവട് വെയ്ക്കുന്നത്.
ഒടിടിയിൽ വന്നാലെന്താ...സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ അടങ്ങാത്ത'ആവേശം'; 150 കോടി ഇനി പഴങ്കഥ