തിരഞ്ഞെടുപ്പിനും കല്യാണങ്ങൾക്കും മാത്രമല്ല അധ്യായന വർഷത്തിൽ കുട്ടികളെ വരവേൽക്കാനും സിനിമ പോസ്റ്ററുകൾ ഇറങ്ങുകയാണ്. ഹിറ്റ് ഡയലോഗുകളും വൈറലായ പോസ്റ്ററുകളും രൂപം മാറി കുട്ടികൾക്കായി ഒരുങ്ങുമ്പോൾ കാണാൻ തന്നെ രസകരവും വ്യത്യസ്തവുമാണ്. ഇക്കാലമത്രയും പ്രവേശനോത്സവങ്ങളിൽ ആഘോഷിക്കപ്പെട്ടത് 'ഗോഡ്ഫാദരർ' സിനിമയിലെ അഞ്ഞൂറാന്റെ 'കേറിവാടാ മക്കളേ...' എന്ന മാസ്-ക്ലാസ് ഡയലോഗ് ആയിരുന്നെങ്കിൽ ഇത്തവണ അതൊന്ന് മാറ്റി പിടിച്ചിട്ടുണ്ട്.
'ആവേശം' സിനിമയിലെ രംഗണ്ണന്റെ ''എടാ മോനേ...'' തരംഗമായതോടെ 'എടാ മോനെ... അഡ്മിഷൻ വേണ്ടേ..' എന്ന് വ്യത്യസ്തമായി പോസ്റ്ററിറക്കിയിരിക്കുകയാണ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ. ഇതുമാത്രമല്ല, 'എസ്എസ്എൽസി 100 ശതമാനം വിജയത്തിന്റെ ആവേശം' എന്നുകൂടി രേഖപ്പെടുത്തിയിട്ടുണ്ട്, ഒപ്പം കളറാക്കാൻ രംഗണ്ണന്റെ പടവും.
സിനിമ പോസ്റ്റർ പോലെ സോഷ്യൽ മീഡിയ ആഘോഷിക്കപ്പെട്ട ഒന്നാണ് അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവൽ. സമൂഹ മാധ്യമങ്ങൾ അടുത്ത കാലത്ത് മറ്റൊരു മലയാള കൃതിക്കും നൽകാത്ത വരവേൽപ്പാണ് റാം c/o ആനന്ദിക്ക് നൽകിയിരിക്കുന്നത്. നോവൽ ഏറ്റെടുത്തതിനൊപ്പം ആകർഷകമായ നോവലിന്റെ കവർ പേജും ഇടം നേടിയിരുന്നു. ഈ സ്റ്റൈലും സ്കൂളുകാർ പിടിച്ചിട്ടുണ്ട്. സ്കൂളിലെ അധ്യാപകൻ ജിതിനാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.
കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിപ്പിക്കണമെന്ന ചിന്തയിലാണ് ഇങ്ങനെയൊരു പരീക്ഷണം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുണ്ടേരി, മേലെ ചൊവ്വ ധർമസമാജം യുപി സ്കൂൾ തുടങ്ങി വിവിധ സ്കൂളുകളിലും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായ പോസ്റ്റർ പ്രചാരണം നേടുന്നുണ്ട്. പുതിയ അഡ്മിഷൻ വിവരങ്ങളെക്കുറിച്ചറിയാൻ മിക്ക പോസ്റ്ററുകളിലും ക്യു ആർ കോഡും ലഭ്യമാണ്.