ഇളയരാജയുടെ സംഗീതത്തിന്റെ പകർപ്പവകാശ ഹർജിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ഇളയരാജ. മറ്റുളളവർ തനിക്കെതിരെ എന്തു പറഞ്ഞാലും അത് തന്നെ ബാധിക്കില്ല എന്നും അത്തരം വിവാദങ്ങൾക്ക് ചെവി കൊടുക്കാറില്ല എന്നും ഇളയരാജ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണ് അദ്ദേഹം സംസാരിച്ചത്. പുറത്ത് ആളുകൾ ഒരോന്നു പറഞ്ഞു നടന്ന ഒരു മാസം കൊണ്ട് താൻ ഒരു സിംഫണി തന്നെ പുതുതായി പൂർത്തികരിച്ചുവെന്നും ഇളയരാജ പ്രതികരിച്ചു.
'എന്നെപ്പറ്റി പല തരത്തിലുള്ള വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് എന്റെ അടുത്ത ആളുകൾ പറഞ്ഞു. ഞാനതൊന്നും ശ്രദ്ധിക്കുന്നയാളല്ല. മറ്റുള്ളവർ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല. ഞാൻ എന്റെ ജോലിയിൽ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. എന്റെ വഴിയിൽ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ എന്റെ പേര് ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണി പൂർത്തിയാക്കി. സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിൽ തന്നെ 35 ദിവസങ്ങൾ കൊണ്ട് ഞാനൊരു സിംഫണി എഴുതി. എനിക്കേറെ സന്തോഷകരമായ ഈ കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമ സംഗീതമോ പശ്ചാത്തല സംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതു നല്ലൊരു സിംഫണി അല്ലെന്നാണ് എന്റെ പക്ഷം. എന്നാൽ, ഇപ്പോൾ എഴുതി തീർത്ത സിംഫണി ശുദ്ധമാണ്. എന്റെ പ്രിയപ്പെട്ട ആരാധകർക്ക് ഈ സിംഫണി സമർപ്പിക്കുന്നു,' എന്നായിരുന്നു ഇളയരാജ വീഡിയോയിൽ പറഞ്ഞത്.
തന്റെ അനുമതിയില്ലാതെ സ്വന്തം പാട്ടുകൾ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നുവെന്നും ഇതിൽ നിന്ന് കമ്പനികളെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇളയരാജ കോടതിയെ സമീപിച്ചത്. 1957-ലെ പകര്പ്പവകാശ നിയമത്തിലെ 57-ാം വകുപ്പു പ്രകാരം ഭാഗികമായോ പൂര്ണമായോ കൈമാറിയ പാട്ടുകള്ക്ക് മുകളില് അവകാശം സ്ഥാപിക്കാൻ സംഗീത സംവിധായകര്ക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിള് ബെഞ്ച് 2019-ല് നിരീക്ഷിച്ചത്.
'മഞ്ഞുമ്മല് ബോയ്സ്' നിര്മ്മാതാക്കള്ക്ക് ആശ്വാസം; നടപടികള്ക്ക് ഒരുമാസത്തെ സ്റ്റേ