സിനിമയിൽ രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് തിരക്കഥാകൃത്ത് ദീപു പ്രദീപ്. രാഷ്ട്രീയം പറയാൻ വേണ്ടി സിനിമയെ ഉപയോഗിക്കുന്നത് തനിക്ക് ശരിയായി തോന്നുന്നില്ല എന്നും സിനിമ എന്നത് വിനോദം മാത്രമാണ് എന്നും ദീപു പ്രദീപ് പറഞ്ഞു. അദ്ദേഹം തിരക്കഥയൊരുക്കിയ 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടറിനോട് പങ്കുവെയ്ക്കവെയാണ് സിനിമയിൽ രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'ഞാൻ സിനിമയിലൂടെ രാഷ്ട്രീയം പറയാൻ ശ്രമിക്കാത്ത ഒരാളാണ്. എല്ലാത്തിലുമുപരി സിനിമ ഒരു വിനോദമാണ്. അത് കാണാനായി എത്തുന്ന പ്രേക്ഷകർ പലതാണ്. പല പ്രായത്തിലുള്ള, പല കാഴ്ച്ചപ്പാടുകളുള്ളവരാണ് സിനിമ കാണാൻ വരുന്നവർ. അത്തരം പ്രേക്ഷകരോട് രാഷ്ട്രീയം പറഞ്ഞിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. എന്നാൽ തിരക്കഥയെഴുതുമ്പോൾ തിരക്കഥാകൃത്ത് ചിന്തിക്കാത്ത ചില വ്യാഖ്യാനങ്ങളൊക്കെ വരും. എന്തുകൊണ്ട് ഇങ്ങനെയൊരു സംഭഷണം വന്നു, എന്നുള്ള ചോദ്യങ്ങളൊക്കെ ഉയർന്നേക്കാം, ദീപു പ്രദീപ് പറഞ്ഞു.
ഞാൻ എന്ന വ്യക്തി ആരെയെങ്കിലും വേദനിപ്പിക്കുന്നതോ മോശം പരാമർശം നടത്തുന്നതോ ആയ കാര്യങ്ങൾ ഒരിക്കലും ഒരു സിനിമയിലൂടെ പറയാൻ പാടില്ല. അത് തെറ്റാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനുവേണ്ടി ഒരിക്കലും സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കാൻ പാടില്ല. തിരക്കഥയെഴുതുമ്പോൾ പൊളിറ്റിക്കലി കറക്ടാണോ എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഞാൻ സ്വീകരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഏട്ടും ഒൻപതും തവണവരെ ഡ്രാഫ്റ്റുകൾ എടുത്ത തിരക്കഥകളുണ്ടായിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.