2024 കാന് ഫിലിം ഫെസ്റ്റിവലിലെ പിയര് ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരത്തിന് അർഹനായ പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനെ അഭിനന്ദിച്ച് മോഹൻലാൽ. ചരിത്രം സൃഷ്ടിക്കപ്പെടുകയാണ് എന്നും അഭിമാന നിമിഷമാണ് എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ബറോസി'ലൂടെ സന്തോഷ് ശിവന്റെ വൈദഗ്ദ്ധ്യം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനായി താൻ അടങ്ങുന്ന ടീം കാത്തിരിക്കുകയാണെന്നും മോഹൻലാൽ കുറിച്ചു.
'കാൻ 2024-ൽ ഈ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്നതിൽ ആവേശഭരിതനാണ് ഞാൻ. ഛായാഗ്രഹണത്തിൽ പിയര് ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം നേടിയ ആദ്യത്തെ ഏഷ്യൻ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സന്തോഷ് ശിവന് അഭിനന്ദനങ്ങൾ. ബറോസിനെ ജീവസ്സുറ്റതാക്കിയ അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ലോകത്തോട് പങ്കുവെയ്ക്കാൻ ഞങ്ങൾ കാത്തിരിക്കകയാണ്. ഇത് അർഹമായ അംഗീകാരം.'; മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണ് പിയര് ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് സന്തോഷ് ശിവന്. 2013 ലാണ് പിയര് ആഞ്ജിനൊ പുരസ്കാരം ആരംഭിച്ചത്. ഫിലിപ്പ് റൂസലോട്ട്, വിൽമോസ് സിഗ്മണ്ട്, റോജർ എ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്സ്കി, ക്രിസ്റ്റഫർ ഡോയൽ, എഡ്വേർഡ് ലാച്ച്മാൻ, സെസിലി ഷാങ്, ബ്രൂണോ ഡെൽബോണൽ, മോഡുര പാലറ്റ്, ആഗ്നസ് ഗോദാർഡ്, പമേല അൽബറാൻ, ഡാരിയസ് ഖോണ്ട്ജി, എവെലിൻ വാൻ റെയ്, ബാരി അക്രോയ്ഡ് എന്നിവർക്ക് പുരസ്കരം ലഭിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് ശിവൻ. 12 ദേശീയ പുരസ്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള സന്തോഷ് ശിവൻ മകരമഞ്ഞ് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
അമ്മയെ നയിക്കാൻ ഇനി ഇടവേള ബാബുവില്ല, സ്ഥാനം ഒഴിയുന്നു; മോഹൻലാലും മാറുമെന്ന് സൂചന