ലാലേട്ടൻ ഫാൻസിന് ആഘോഷിക്കാൻ മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമയടക്കം ലൈനപ്പുകൾ നിരവധിയാണ്. അതിൽ 'ബറോസ'ും 'എൽ360'യും 'എമ്പുരാ'നും 'റംബാനു'മൊക്കെയുണ്ട്. ലിസ്റ്റിലുള്ള ജീത്തു ജോസഫിന്റെ 'റാം' സിനിമയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിർമ്മാണം ആരംഭിച്ച സിനിമയുടെ ഷൂട്ട് 126 ദിവസം പിന്നിട്ടിരിക്കുകയാണ്.
റാമിന്റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് ആദ്യം വാരം ആരംഭിച്ചേക്കും. അതിൽ 22 ദിവസത്തെ ഷൂട്ട് ടുണീഷ്യയിലും 12-15 ദിവസത്തെ ഷൂട്ട് ലണ്ടനിലും നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബാക്കിയുള്ള ഭാഗം മുംബൈയിലും ചെന്നൈയിലും കേരളത്തിലുമായി നടക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന റാമിന്റെ ആദ്യ ഭാഗം ക്രിസ്തുമസ് റിലീസായി എത്തിയേക്കും. രണ്ടാം ഭാഗം 2025-ലേക്കും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
സിനിമയിലെ ഒരു സുപ്രധാന വേഷത്തിനായി ഒരു പ്രമുഖ താരത്തെ അണിയറപ്രവർത്തകർ സമീപിച്ചതായി മുൻപ് വാർത്തകളെത്തിയിരുന്നു. തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില് ഇന്ദ്രജിത്ത്, ദുര്ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്, വിനയ് ഫോര്ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള് വേഷമിടുന്നുണ്ട്.
'നേര്' ആണ് മോഹൻലാൽ-ജീത്തു കൂട്ടുകെട്ടില് മുൻപിറങ്ങിയ ചിത്രം. നിരൂപക ശ്രദ്ധ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനവും കാഴ്ച്ചവെച്ചിരുന്നു. നിലവിൽ എൽ 360-യുടെ ഷൂട്ടിംഗ് തിരക്കലാണ് മോഹൻലാൽ ഒപ്പം എമ്പുരാന്റെ ചിത്രീകരണവും സമാന്തരമായി നടക്കുന്നുണ്ട്. മാത്രമല്ല, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുമാണ്.