കാന് ചലച്ചിത്ര മേളയുടെ വേദിയിൽ പലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടി കനി കുസൃതി വാട്ടർമെലൻ ബാഗുമായി വന്നത് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിൽ തന്റെ രാഷ്ട്രീയം മുറുകെ പിടിച്ച കനിയുടെ നിലപാടിന് പല കോണുകളിൽ നിന്നും അഭിനന്ദനവും എത്തുന്നുണ്ട്. നൈഡയുടെ നിലപാടിനെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാള സിനിമയിലെ ഒരു അഭിനേത്രി ക്യാൻ ഫിലിം ഫെസ്റ്റിവലിൻ്റെ വേദിയിൽ വെച്ച് ഏറ്റവും ശക്തമായ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. ഇത് വിപ്ലവം തന്നെയല്ലേ? ബോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങൾ കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അവരുടെ രാഷ്ട്രീയമല്ല മറിച്ച് വസ്ത്രധാരണം മാത്രമാണ് വാർത്തകളിൽ നിറയാറുള്ളത്. ഇവിടെയാണ് നാം കനി കുസൃതിയുടെ മഹത്വം തിരിച്ചറിയേണ്ടത് എന്ന് സന്ദീപ് ദാസ് എന്ന വ്യക്തി കുറിപ്പിൽ പറയുന്നു.
സന്ദീപ് ദാസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം:
''നീ വെറും പെണ്ണാണ്...!'' ഈ ഡയലോഗ് ഉൾപ്പെടുത്തിയിട്ടുള്ള എത്ര സിനിമകൾ കേരളക്കരയിൽ ജന്മം കൊണ്ടിട്ടുണ്ടാവും? അതിൻ്റെ എണ്ണം നിർണ്ണയിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഒരുകാലത്ത് മലയാള സിനിമ അത്രമേൽ പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ ഒരു അഭിനേത്രി കാൻ ഫിലിം ഫെസ്റ്റിവലിൻ്റെ വേദിയിൽ വെച്ച് ഏറ്റവും ശക്തമായ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. തണ്ണീർമത്തൻ ബാഗുമായി റെഡ് കാർപ്പറ്റിൽ എത്തിയ കനി കുസൃതി പലസ്തീനോടുള്ള തൻ്റെ ഐക്യദാർഢ്യം പ്രകടമാക്കിയിരിക്കുന്നു. ഇത് വിപ്ലവം തന്നെയല്ലേ!?
ബോളിവുഡിലെ നിരവധി താരങ്ങൾ ക്യാൻ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്. അവർ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞതായി നമ്മൾ കണ്ടിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം മാത്രമാണ് വാർത്തകളിൽ നിറയാറുള്ളത്. മലയാളസിനിമയിൽ നിരവധി സൂപ്പർതാരങ്ങളുണ്ടല്ലോ. ഒരുപാട് പ്രാദേശിക ഫിലിം അവാർഡ് ചടങ്ങുകളിൽ അവർ പങ്കുചേരാറുമുണ്ട്. അവരിൽ എത്രപേർ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റുകൾ നടത്തിയിട്ടുണ്ട്? ഇവിടെയാണ് നാം കനി കുസൃതിയുടെ മഹത്വം തിരിച്ചറിയേണ്ടത്. ഒരു ഗ്ലോബൽ സ്റ്റേജിൽ വെച്ച് അവർ രാഷ്ട്രീയം പറഞ്ഞു. അടിച്ചമർത്തപ്പെടുന്നവരുടെ വേദനകളെ ചേർത്തുപിടിച്ചു.
കാനില് കേരളത്തിന്റെ കയ്യൊപ്പ്; രാഷ്ട്രീയം മുറുകെ പിടിച്ച് കനി, തണ്ണി മത്തന് ബാഗ് ശ്രദ്ധേയമാകുന്നുമികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കനിയ്ക്ക് ലഭിച്ച ദിവസം ഓർക്കുന്നില്ലേ? ആ പുരസ്കാരം മലയാള സിനിമയിലെ ആദ്യ നായികയായിരുന്ന പി കെ റോസിയ്ക്കാണ് കനി സമർപ്പിച്ചത്. ജാതിഭ്രാന്തിൻ്റെ തിക്തഫലങ്ങൾ അനുഭവിച്ച റോസിയെ മനസ്സിൽ സൂക്ഷിക്കുന്ന കനി പലസ്തീൻ്റെ രാഷ്ട്രീയം സംസാരിച്ചത് സ്വാഭാവികമാണ്. കനി അഭിനയിച്ച 'All We Imagine As Light' എന്ന ചലച്ചിത്രമാണ് ക്യാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. മുപ്പത് വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു ഇന്ത്യൻ സിനിമ ക്യാനിൻ്റെ അരങ്ങിൽ മത്സരിച്ചത്. ആ സിനിമ സംവിധാനം ചെയ്തതും ഒരു പെണ്ണാണ് - പായൽ കപാഡിയ. നീ വെറും പെണ്ണാണ് എന്ന പൊള്ളയായ വാചകം ഉച്ചരിക്കാനുള്ള ധൈര്യം ആർക്കെങ്കിലും ഇനി ഉണ്ടാകുമോ!?