'മലയാള സിനിമയിലേതുപോലെ രാജ്യത്ത് ഒരിടത്തും സംഭവിക്കുന്നില്ല'; മോളിവുഡിനെ പ്രശംസിച്ച് പായൽ കപാഡിയ

കേരളത്തിലെ സർക്കാർ വനിതകളായ ചലച്ചിത്രപ്രവര്ത്തകരെ പിന്തുണയ്ക്കുന്നു

dot image

കാന് ചലച്ചിത്രോത്സവത്തിലെ 'ഗ്രാൻഡ് പ്രി' പുരസ്കാരം സ്വന്തമാക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ൻ്റെ സംവിധായിക പായൽ കപാഡിയ മലയാള സിനിമയെ പ്രശംസിച്ചു. പുരസ്കാരം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു പായൽ.

'വെെവിധ്യമാർന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട്. അവിടെ ആര്ട്ട് ഹൗസ് ചിത്രങ്ങൾക്കുപോലും ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇങ്ങനെ സംഭവിക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ തയ്യാറാണ്', പായൽ കപാഡിയ പറഞ്ഞു. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കൂടിയാണിത്. കേരളത്തിലെ സർക്കാർ, വനിതകളായ ചലച്ചിത്രപ്രവര്ത്തകരെ പിന്തുണയ്ക്കുന്നുണ്ടെന്ന് കനി കുസൃതി പറഞ്ഞു. മുഖ്യധാരാ ചിത്രങ്ങളും സമാന്തര ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളുമെല്ലാം കാണാൻ ഇവിടെ പ്രേക്ഷകരുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നേരത്തെ സ്വന്തമാക്കി. ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ 'സ്വം' ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്.

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങൾക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിച്ചത്.

മുംബൈയിൽ ജീവിക്കുന്ന മലയാളി നെഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പായൽ സംവിധാനം ചെയ്ത 'എ നൈറ്റ് നോയിങ് നത്തിങ്' എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമ്മാണ സംരംഭമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us