'അന്ന് സിദ്ദിഖിക്ക അങ്ങനെ പറഞ്ഞപ്പോൾ ഭൂമി പിളർന്ന പോകും പോലെയാണ് തോന്നിയത്'; ജിസ് ജോയ്

ആദ്യ സിനിമയുടെ ഷൂട്ടിന്റെ ആദ്യ ദിനം തനിക്കുണ്ടായ വിഷമത്തെക്കുറിച്ച് ജിസ് ജോയ് ഓർമ്മിച്ചു

dot image

തന്റെ ആദ്യ ചിത്രം 'ബൈസൈക്കിൾ തീവ്സി'ലെ ഒരു പ്രധാന കഥാപാത്രമായ സിദ്ദിഖുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ജിസ് ജോയ്. സിദ്ദിഖ് തന്റെ അയൽക്കാരനായ സിനിമാ താരമായിരുന്നുവെന്നും സിനിമ എന്ന മോഹം വന്നപ്പോൾ അദ്ദേഹം തന്റെ സിനിമയിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ജിസ് ജോയ് പറഞ്ഞു. എന്നാൽ സിദ്ദിഖ് കാരണം ഷൂട്ടിന്റെ ആദ്യ ദിനം തനിക്കുണ്ടായ വിഷമത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ. റിപ്പോർട്ടറിന്റെ മസ്റ്റേഴ്സ് ക്രാഫ്റ്റ് എന്ന സെലിബ്രിറ്റി ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ സ്കൂളിൽ പോകുന്ന സമയത്ത് എന്റെ വീടിന്റെ അയൽപക്കക്കാരനായി വന്നയാളാണ് സിദ്ദിഖിക്ക. സിനിമയെ സ്നേഹിക്കാൻ തുടങ്ങിയ കാലം മുതൽ ആഗ്രമായിരുന്നു അദ്ദേഹം എന്റെ സിനിമയിലുണ്ടാകണമെന്ന് . എന്നാൽ ബൈസൈക്കിൾ തീവ്സിന്റെ കാര്യത്തിൽ എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു. സിനിമയുടെ ആദ്യ ദിവസത്തെ ചിത്രീകരണം ആസിഫ് അലിയെയും സിദ്ദിഖിനെയും വെച്ചാണ് പ്ലാൻ ചെയ്തിരുന്നത്.

തേവര കോളേജിലാണ് ഷൂട്ട് . രാവിലെ ഒരു ഒമ്പത് മണിയൊക്കെയാകുമ്പോഴേക്കും ഇക്ക വരും എന്ന പ്രതീക്ഷയിൽ നിൽക്കുകയായിരുന്നു. പത്ത് മണിയായിട്ടും കണ്ടില്ല. അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്, ഇപ്പോൾ എത്തുമെന്നാണ് പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞത്. ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ഞാൻ തന്നെ വിളിക്കാമെന്ന് കരുതി. എന്റെ ഫോണിൽ നിന്ന് ഞാൻ വിളിച്ചപ്പോൾ അറബിയിൽ നിന്നാണ് വോയിസ് മെസേജ് വരുന്നത്. അപ്പോൾ തന്നെ എന്റെ കിളി പോയി. പിന്നെ ഫോൺ എടുത്തപ്പോഴാണ് പറയുന്നത്, 'ഒരപദ്ധം പറ്റിയിട്ടുണ്ട്. ദുബായിയിൽ നിൽക്കുകയാണ്. ഒരു പേപ്പർ ശരിയാകാനുണ്ട്. അത് ശരിയായിട്ടില്ല. എനിക്ക് പുറപ്പെടാൻ പറ്റിയിട്ടില്ല', എന്ന്. അപ്പോൾ ഭൂമിയൊക്കെ പിളർന്ന് പോകുന്ന ഒരവസ്ഥയായിരുന്നു അത്. കാരണം, എന്റെ ആദ്യ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ട് ആണ്.

അദ്ദേഹം ചോദിച്ചിരുന്നു, 'ഒരു ദിവസത്തേക്ക് മാനേജ് ചെയ്യാൻ പറ്റുമോ, ഞാൻ നാളെ രാവിലെ എങ്ങനെയെങ്കിലും എത്തിക്കോളാം. അല്ലെങ്കിൽ ഞാൻ സായിയെ (സായി കുമാർ) വിളിച്ച് പറയാം, അദ്ദേഹത്തെ വെച്ച് മാനേജ് ചെയ്യുമോ', എന്ന്. പക്ഷെ സായി കുമാർ ഈ സിനിമയിൽ വേറെയൊരു കഥാപാത്രം ചെയ്യുന്നുണ്ട്. സത്യം പറഞ്ഞാൽ അപ്പോൾ എനിക്ക് വിഷമം തോന്നി. പക്ഷെ അടുത്ത ദിവസം സിദ്ദിഖിക്ക വന്നു. അന്ന് ഒരു തിരുവോണ ദിവസമായിരുന്നു. അങ്ങനെ ഒരുമിച്ചിരുന്ന സദ്യ കഴിച്ച് തുടങ്ങിയ ബന്ധമാണ്.

കാര്യങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നതും അല്ലാത്തതുമായ ഒരു വേർഷനുണ്ട് സിനിമയിൽ. അത് ബൈസൈക്കിൾ തീവ്സിലൂടെ വലിയ തിരിച്ചറിവുണ്ടാക്കി. ആരൊക്കെ എന്തൊക്കെ ഉറപ്പ് പറഞ്ഞാലും സംശയമുള്ള കാര്യങ്ങളെ സംവിധായകൻ നോക്കിക്കാണണം. നമുക്ക് ഒരു രാത്രി കയ്യിലുണ്ടാവണമെന്നും ഞാൻ എപ്പോഴും പറയും. ഒരു രാത്രി നമ്മുടെ കയ്യിലുണ്ടെങ്കിൽ നമുക്ക് എന്തും സംഘടിപ്പിക്കാം. നാളെ രാവിലെ ആറ് മണിക്ക് ഷൂട്ട് ആണ്. ഇന്ന് രാത്രി ഒമ്പത് മണിക്ക് അറിയുകയാണ് ഇക്കാര്യം നടക്കില്ല എന്ന്, നമ്മുടെ കയ്യിൽ എട്ട് മണിക്കൂറുണ്ട് അത് മാനേജ് ചെയ്യാൻ. പക്ഷെ ആ കാര്യം രാവിലെ ആറ് മണിക്കാണ് അറിയുന്നതെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us