
പാർവതി തിരുവോത്തും ഉർവശിയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ഉള്ളൊഴുക്ക് എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടു. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കളിലൊരാൾ ബോളിവുഡിലെ പ്രശ്സ്ത നിർമ്മാതാവ് റോണി സ്ക്രൂവാലയാണ്. ഹണി ട്രെഹാൻ, അഭിഷേക് ചുബൈ എന്നിവരും നിർമ്മാതാക്കളാണ്.
പാർവതി രണ്ട് വർഷത്തിന് ശേഷമാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. മമ്മൂട്ടിയുടെ കൂടെ പുഴുവിലാണ് അവസാനമായി അഭിനയിച്ചത്. പുഴു വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് ശേഷമാണ് മലയാള സിനിമയിൽ നിന്ന് പാർവതി ഇടവേളയെടുത്തത്. വിമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സിനിമ മേഖലയിലെ സ്ത്രീകളുടെ സംഘടന രൂപീകരിച്ചതിന് ശേഷം പാർവതിക്കെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായിരുന്നു. തമിഴ് ചിത്രമായ തങ്കലാനിൽ പാർവതി അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റിയും ചോദ്യങ്ങളുയർന്നിരുന്നു. പിന്നാലെയാണ് ഉള്ളൊഴുക്കിൻ്റെ പോസ്റ്റർ പുറത്തുവരുന്നത്.
ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് സംവിധായകൻ ക്രിസ്റ്റോ ടോമി. ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. 61ാമത് ദേശീയ ചലചിത്ര അവാർഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായ കാമുകിയുടെ സംവിധായകനും ക്രിസ്റ്റോ ടോമിയായിരുന്നു. കൂടത്തായി ജോളി കേസ് ആസ്പദമാക്കി ചെയ്ത കറി ആൻ്റ് സയനൈഡ് എന്ന വെബ്സീരിസിൻ്റെ സംവിധായകൻ കൂടിയാണ് ക്രിസ്റ്റോ. ജൂൺ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.