ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കുടുംബത്തിലെ ഏറ്റവും ഒടുവിലെ വിവാഹം രാജകീയമാക്കുകയാണ് അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ഒന്നാം ഘട്ടം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏകദേശം ആയിരം കോടി രൂപയിലധികമാണ് വിവാഹ പൂര്‍വ ആഘോഷങ്ങള്‍ക്കായി ചെലവഴിച്ചത്. ഫ്രഞ്ച് ക്രൂയിസ് കപ്പലിലെ രണ്ടാമത്തെ പ്രീ-വെഡ്ഡിംഗും ഗ്ലാമറസായിരുന്നു.
നാലു ദിവസം നീണ്ടു നിന്ന സല്‍ക്കാരത്തില്‍ ക്രിക്കറ്റ് താരമായ ധോണിയും കുടുംബവും ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, അനന്യ പാണ്ഡേ, ജാന്‍വി കപൂര്‍, സാറാ അലി ഖാന്, ഇബ്രാഹിം അലി ഖാന്, ദിഷ പടാനി എന്നിവര്‍ പങ്കെടുത്തു.
അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുറത്തുനിന്നുള്ളവര്‍ക്കോ മാധ്യമങ്ങള്‍ക്കോ പ്രവേശനം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കപ്പലില്‍ എന്ത് നടക്കുന്നുവെന്നതിനെ കുറിച്ച് പുറംലോകത്ത് വ്യക്തതയില്ലായിരുന്നു. കനത്ത സുരക്ഷയ്ക്കിടയില്‍, സെലിബബ്രിറ്റികളും അതിഥികളും ആഘോഷങ്ങളില്‍ നിന്ന് കാര്യമായൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ചില വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
അതിഥികള്‍ക്കായി മാസ്കറേഡ് ബോള്‍ തീമിനെ അടിസ്ഥാനമാക്കിയുള്ള ഇവന്റില്‍, കാറ്റി പെറി, പിറ്റ്ബുള്‍ തുടങ്ങിയ ആഗോള കലാകാരന്മാരുടെ പ്രകടനങ്ങളുണ്ടായിരിന്നുവെന്ന് പുറത്തുവരുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നു. അതിരാവിലെ വരെ അതിഥികള്‍ അത് ആസ്വദിച്ചെന്നുമാണ് പുറത്തുവരുന്ന ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. രണ്‍വീര്‍ സിങ്ങും അനന്യ പാണ്ഡെയും നേരം പുലരുന്നതുവരെ നൃത്തം ചെയ്യുന്ന വീഡിയോകളും ഓണ്‍ലൈനില്‍ വൈറലാകുന്നുണ്ട്. സാറാ അലി ഖാനും തന്റെ സഹോദരന് ഇബ്രാഹിമിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രീ-വെഡ്ഡിംഗ് ആഘോത്തിനിടയിലെടുത്ത ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ടായിരുന്നു.