മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയായ ടർബോ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാസ് സിനിമകളിലൂടെ വമ്പൻ ഹിറ്റുകൾ കൊയ്ത സംവിധായകൻ വൈശാഖാണ് ടർബോ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വൈശാഖ്, മമ്മൂട്ടി നായകനായ പോക്കിരിരാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നതും. ഇപ്പോഴിതാ ടർബോയിലെ ഏറ്റവും കൂടുതൽ കൈയടി വാങ്ങിയ ചെയ്സിങ് സീൻ ചെയ്യാൻ തന്നെക്കാൾ നിർബന്ധം സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദിനായിരുന്നു എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് വൈശാഖ്. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
'ചിത്രത്തിലെ കാർ ചെയ്സിങ് സീൻ വേണമെന്ന നിർബന്ധം എന്നെക്കാൾ സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദിനായിരുന്നു. എനിക്ക് ആ സീൻ ഇല്ലേലും കുഴപ്പം ഇല്ലെന്ന് തോന്നിയിരുന്നു. കാരണം സിനിമയുടെ ബജറ്റ് ഭയകരമായി കൂടും. ഒരു കോടി രൂപയോളം ചിലവിൽ വണ്ടി മാത്രം പൊട്ടിച്ചിട്ടുണ്ട് സിനിമയിൽ. പക്ഷെ ചെയ്സിങ് ഇല്ലാത്ത ഒരു പരിപാടിയും സിനിമയിൽ പറ്റില്ലെന്ന് പറഞ്ഞു ആ രംഗം ഉൾപ്പെടുത്തിയത് ഷമീറിന്റെ നിർബന്ധം കൊണ്ടാണ്. ചെയ്സിങ് രംഗം ഇരുന്ന് പ്ലാൻ ചെയ്ത് അതിന് ഒരു കൊറിയോഗ്രാഫി ഉണ്ടാക്കി ഷമീർ അത് പ്രീ എഡിറ്റ് ചെയ്തു തന്നു. അതുകൊണ്ട് ആ രംഗം ചെയ്യാൻ വളരെ എളുപ്പമായിരുന്നു'വെന്നും വൈശാഖ് പറഞ്ഞു.
ജോസേട്ടായി അടിച്ചു കേറി വാ...; ലക്ഷ്യം 100 കോടി തന്നെ, കുതിപ്പ് തുടർന്ന് ടർബോവമ്പൻ സ്ക്രീൻ കൗണ്ടുമായാണ് ടർബോ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും മെയ് 23 ന് റിലീസ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. 17.3 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ചിത്രം പ്രീ സെയിലിലും മികച്ച കളക്ഷന് നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമാണ് ടർബോ.
മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തിയ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.