ഹീരമാണ്ടി: ദി ഡയമണ്ട് ബസാർ എന്ന സഞ്ജയ് ലീല ബൻസാലിയുടെ സീരീസ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഇടം നേടുന്നുണ്ട്. ചിത്രത്തിലെ പ്രധാന നായികമാരെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ എത്തുമ്പോൾ കൂട്ടത്തിലെ ഒരു നായികയായ ഷർമിൻ സെഗാളിന് മാത്രം സൈബർ ആക്രമണം നേരിട്ടിരുന്നു. നടിയുടെ അഭിനയത്തെ കുറിച്ച് നിരവധി വിമർശനങ്ങളാണ് എത്തിയത്. സഞ്ജയ് ലീല ബൻസാലിയുടെ മരുമകൾ കൂടിയായ നടിയുടെ പെർഫോമൻസ് നിരാശപ്പെടുത്തിയെന്നും പ്രതികരണങ്ങളെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് ഷർമിൻ സെഗാൾ.
അടുത്തിടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരെയുണ്ടാകുന്ന ട്രോളിനെ കുറിച്ച് ഷർമിൻ തുറന്ന് സംസാരിച്ചത്. സോഷ്യൽ മീഡിയയിലുണ്ടാകുന്ന ട്രോൾ തൻ്റെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഷർമിന്റെ മറുപടി. വ്യത്യസ്ത ആളുകൾ വ്യത്യസ്തമായി പ്രതികരക്കുന്ന ഒരു പ്രൊഫഷനാണ് തന്റേത് എന്ന ബോധ്യം മനസ്സിലാക്കുന്നുവെന്നാണ് നടി പറഞ്ഞത്.
വളരെക്കാലത്തിനിടെ ഇപ്പോൾ ഞാൻ എൻ്റെ മാനസികാരോഗ്യത്തിനായി പ്രവർത്തിക്കുകയാണ്. അത് എൻ്റെ അഭിനയ ജീവിതത്തിൽ മാത്രമല്ല. നിങ്ങൾ സ്വയം നന്നായി മനസിലാക്കാൻ തുടങ്ങുമ്പോൾ വളരെയധികം അഭിപ്രായങ്ങളുള്ള ആളുകളുടെ വിശാലമായ ഒരു ലോകത്താണ് നിങ്ങൾ ജീവിക്കുന്നതെന്ന് മനസിലാകും, സെഗാൾ പറഞ്ഞു.
ഞാൻ ഈ തൊഴിൽ തിരഞ്ഞെടുത്തത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണ്, അതിനാൽ പ്രേക്ഷകരോട് പ്രതികരിക്കാൻ ഞാൻ തയ്യാറായിരുന്നു. മാത്രമല്ല വളരെയധികം സ്നേഹവും ഇതിലൂടെ എനിക്ക് ഉണ്ടായിട്ടുണ്ട്. ചില മോശം പരാമർശങ്ങൾ നമ്മളിലെ പോസിറ്റിവിറ്റി പൂർണ്ണമായും ഇല്ലാതാക്കും. അത് ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മാത്രം. എനിക്കും ആദ്യം അസ്വസ്ഥത തോന്നിയിരുന്നു. പക്ഷേ അതിനുശേഷം അങ്ങനെയില്ല.എന്നെ കുറിച്ച്, എന്റെ അഭിനയത്തെ കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നവരുണ്ട്. എന്നെക്കുറിച്ച് മോശമായ സമയമെടുത്ത് എഴുതുന്ന ഒരാളെ ഞാൻ വിശ്വസിക്കില്ല. അവരുടെ വാക്കുകൾ എന്നെ മാനസികമായി ബാധിച്ചിട്ടില്ല, ഷർമിൻ സെഗാൾ പറഞ്ഞു.