പൃഥ്വിരാജ്, ബേസില് ജോസഫ് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായി തിയേറ്ററുകളില് കല്യാണ മേളം സൃഷ്ടിച്ച ചിത്രമാണ് ഗുരുവായൂര് അമ്പലനടയില്. ചിത്രമിതാ 100 കോടിയോടടുക്കുകയാണ്. 90 കോടിയിലധികം ആഗോള തലത്തില് സിനിമ സ്വന്തമാക്കിയെന്ന സന്തോഷ വാര്ത്ത പൃഥ്വിരാജാണ് സോഷ്യല് മീഡിയ പോസ്റ്റിലൂടെ അറയിച്ചിരിക്കുന്നത്.
'90+ കോടി കല്യാണ സമ്മാനങ്ങളുമായി ഈ കല്യാണം കലക്കി', എന്നാണ് താരം കുറിച്ചത്. കേരളത്തില് മാത്രം 44.83 കോടിയിലധികം ഗുരുവായൂര് അമ്പലനടയില് നിന്ന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇതുവരെ അരക്കോടിയോളം പേര് സിനിമ കണ്ടുവെന്നാണ് നിര്മ്മാതാക്കള് അറിയിച്ചിരിക്കുന്നത്. 'കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേര് അമ്പലനടിയില് എത്തി' എന്നാണ് പോസ്റ്റ്. ചിത്രം തിയേറ്ററില് വിജയകരമായി മുന്നേറുകയാണ്.
2024ലെ ഓപ്പണിംഗ് കളക്ഷനില് കേരളത്തില് നിന്ന് 'ഗുരുവായൂര് അമ്പലനടയില്' മൂന്നാം സ്ഥാനത്താണ്. മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി കേരളത്തില് ഒന്നാം സ്ഥാനത്താണ്. പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' 5.83 കോടിയുമായി രണ്ടാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ ബാനറില് സുപ്രിയ മേനോനും, ഇ4 എന്റര്ടൈന്മെന്റിന്റെ ബാനറില് മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര് ചേര്ന്നാണ് ഗുരുവായൂര് അമ്പലനടയില് നിര്മ്മിച്ചത്. കോമഡി എന്റര്ടെയ്നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.