നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ കഴിയുന്ന രീതിയിൽ അപമാനിക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറുകയാണെന്നും ഇത് സംഘപരിവാർ അജണ്ടയാണെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു.
നിമിഷയ്ക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഇത് ഒരുതരം മാനസിക വൈകൃതമാണെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷയ്ക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നുവന്നും ആര്യ കുറിച്ചു. നിമിഷ സജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മേയർ പോസ്റ്റ് പങ്കുവെച്ചത്.
പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണ്. നാല് വർഷം മുൻപ് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോൾ ആക്രമിക്കപ്പെടുന്നത്. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രത്യേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
ഇത് ഒരുതരം മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷമാണ് നിമിഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉണ്ടായത്. നടിയുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് സെക്ഷനിലായിരുന്നു സൈബറാക്രമണം. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയെയാണ് പ്രചരിപ്പിച്ചത്.