ചലച്ചിത്ര താരം എന്ന പദവിയിൽ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക് ഉയർന്നിരിക്കുകയാണ് സുരേഷ് ഗോപി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തിയ സുരേഷ് ഗോപിയുടെ മന്ത്രിപദം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. എന്നിട്ടും മന്ത്രി സ്ഥാനം വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ ഐഡന്റിറ്റിയായ സിനിമ തന്നെയാണ്.
മന്ത്രി പദവി വേണ്ടെന്ന് വെയ്ക്കാൻ മാത്രം സുരേഷ് ഗോപിയെ പ്രേരിപ്പിച്ച ആ സിനിമകൾ അത്ര ഗംഭീരമാണോ... തന്റെ വരുമാനമാർഗം സിനിമയാണെന്നും അത് തുടരുമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപി ഇനി ചെയ്യാനിരിക്കുന്നത് നാല് ചിത്രങ്ങളാണ്. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന സിനിമയാണ് ഇതിൽ ആദ്യത്തേത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ട് ഏപ്രിലിൽ ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റു ചില കാരണങ്ങൾ കൊണ്ടും നീണ്ടു പോകുകയായിരുന്നു. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏതാണ്ട് നാല് മാസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റേത്.
ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 70 കോടി ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയാണ് അടുത്തത്. പത്മനാഭ സ്വാമിക്ക് സമർപ്പിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. സുരേഷ് ഗോപിയുടെ ക്രൈം ത്രില്ലർ 'ചിന്താമണി കൊലക്കേസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് താരം ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം. 'എൽകെ' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ്. നാലാമത്തെ സിനിമയും സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. ഒരു പൊലീസ് സ്റ്റോറിയാണ് ഇതെന്നാണ് സൂചന.
റീ റിലീസുകൾ എല്ലാം സാംപിൾ കണ്ണാ ...; 2024 സെക്കൻഡ് ഹാഫ് തമിഴിന് തിരുവിഴാ കാലംഗോകുലം ഗോപാലന്റെ മറ്റ് രണ്ട് സിനിമകൾ സുരേഷ് ഗോപിയുടെ ലൈനപ്പുകളിൽ ഉണ്ടങ്കിലും അതു സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകളൊന്നും സുരേഷ് ഗോപി നൽകിയിട്ടില്ല. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന 'വരാഹം', പ്രവീണ് നാരായണന്റെ 'ജെഎസ്കെ' എന്നിവയാണ് താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ സിനിമകൾ.
വില്ലനിൽ തുടങ്ങി നായകനായി പൊലീസ് വേഷങ്ങളിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തി, മലയാളം സിനിമയിൽ അരങ്ങു തകർത്ത സുരേഷ് ഗോപി ആ ഹീറോ പദവിയിൽ വർഷങ്ങളോളം തുടർന്നു. 1997 ൽ കളിയാട്ടത്തിലൂടെ സംസ്ഥാനത്തെ മികച്ച നടനായി. നടനാവില്ലെന്ന് വിധിച്ചവർക്ക് മുന്നിൽ സൂപ്പർ താരമായി മാറി. പിന്നീട് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് പതിയെ അദ്ദേഹം മാറി. കാരണങ്ങൾ എന്തായാലും അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തി, വീണ്ടും സജീവമായി. അതിനിടെ രാഷ്ട്രീയ പ്രവേശനം.. കേരളത്തിൽ വലിയ സ്വാധീനം ഇല്ലാതിരുന്ന ബിജെപിയുടെ ഭാഗമായി 2016 ൽ രാജ്യസഭയിലെത്തുമ്പോൾ വീണ്ടും സിനിമ ജീവിതത്തിൽ നിന്ന് താരം അവധിയെടുത്തു.
അഞ്ച് വർഷത്തിന് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് നിതിൻ രഞ്ജി പണിക്കർ സംവിധാനത്തിലൊരുങ്ങിയ 'കാവലി'ലൂടെ മടങ്ങി വരവിന് ഒന്നുകൂടി മോടി കൂട്ടി. ഇപ്പോൾ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ സുരേഷ് ഗോപിയെ തേടിയെത്തുന്നത് വമ്പൻ പ്രോജക്ടുകളാണ്. അതിനാൽ രാഷ്ട്രീയവും സിനിമയും ഒരുപോലെ കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് നടനും കേന്ദ്ര മന്ത്രിയും കൂടിയായ അദ്ദേഹം. ത്യശ്ശൂർ കൈവെള്ളയിൽ എടുത്ത സുരേഷ് ഗോപിക്ക് തിയേറ്ററിൽ പ്രേക്ഷകരെ വീണ്ടും കൈയിലെടുക്കാനാകുമോ എന്നതാണ് അടുത്ത വലിയ ചലഞ്ച്.