ഹരിഹരൻ, ഐ വി ശശി, ഷാജി കൈലാസ്, ജോഷി തുടങ്ങിയവരുടെ സഹസംവിധായകനായി കരിയർ ആരംഭിച്ച വ്യക്തിയാണ് സംവിധായകൻ എം പത്മകുമാർ. പിന്നീട് അമ്മക്കിളിക്കൂട് എന്ന സിനിമയിലൂടെ സംവിധായകനായ അദ്ദേഹം വാസ്തവം, ശിക്കാർ, ജോസഫ് ഉൾപ്പടെ നിരവധി ഹിറ്റ് സിനിമകളും ചെയ്തു. ഇപ്പോഴിതാ ഐ വി ശശിക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച സമയത്തെ ഓർമ്മകൾ റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് അദ്ദേഹം.
'ഞാൻ ഐവി ശശിയെ അസിസ്റ്റ് ചെയ്യുന്നത് ഭൂമിക എന്ന സിനിമയിലാണ്. ഭൂമികളുടെ ഷൂട്ട് കഴിഞ്ഞ് നേരെ ഇൻസ്പെക്ടർ ബൽറാമിന്റെ ഷൂട്ടിങ്ങിനായി പോവുകയാണ്. സാധാരണ ഗതിയിൽ ഒരു സിനിമ കഴിഞ്ഞാൽ അതിന്റെ എല്ലാ പരിപാടികളും തീർത്ത് അതിന്റെ റിസൾട്ടും അറിഞ്ഞ ശേഷമായിരിക്കുമല്ലോ എല്ലാവരും അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുക. എന്നാൽ ഇവിടെ അങ്ങനെയല്ല. അതിന് മുന്നേ തന്നെ അടുത്ത സ്ക്രിപ്റ്റ് തയ്യാറായി കാണും. ഭൂമികയുടെ ഷൂട്ട് കഴിഞ്ഞ് നേരെ ഇൻസ്പെക്ടർ ബൽറാമിന്റെ ഷൂട്ടിങ്ങിലേക്ക് പോവുകയാണ്. അത് ശശിയേട്ടന് മാത്രമേ കഴിയൂ,'
'അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. ദേവാസുരം എന്ന സിനിമയുടെ ചിത്രീകരണം വെറും 44 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഞങ്ങൾ മൂന്നുപേർ മാത്രമാണ് ആ സിനിമയിൽ സഹസംവിധായകരായി പ്രവർത്തിച്ചത്, പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒരു സാധാരണ സിനിമയിൽ എങ്ങനെയും ഏഴ്-എട്ട് സഹസംവിധായകർ കാണും. ഐ വി ശശി പലപ്പോഴും ഞങ്ങൾ സഹസംവിധായകർ ചെയ്യേണ്ട ജോലികൾ പോലും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് മൂന്ന് സഹസംവിധായകരെ കൊണ്ട് ആ ചിത്രം പൂർത്തിയാക്കിയത്. ഒരു പുതുമുഖ സംവിധായകൻ ചെയ്യുന്ന അതേ ഡെഡിക്കേഷനോടെയാണ് അദ്ദേഹം തന്റെ നൂറാമത്തെ സിനിമയും ചെയ്തത്.
ഗോളം കണ്ടു, മനോഹരമായി ക്രാഫ്റ്റ് ചെയ്ത സിനിമ: പ്രശംസിച്ച് ജീത്തു ജോസഫ്'ദേവാസുരത്തിന്റെ ക്ലൈമാക്സ് ഷൂട്ടിന്റെ ഒരു അനുഭവം പങ്കുവെക്കാം. ഒരു ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലൈമാക്സ്. ആ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഷൂട്ടിങ് അനൗൺസ്മെന്റ് നടത്തിയിരുന്നു. വലിയ ജനത്തിരക്ക് വേണം ആ രംഗങ്ങൾക്ക്. അതിനാലാണ് അനൗൺസ്മെന്റ് നടത്തിയത്. ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ ലൊക്കേഷനിൽ പോകാൻ പറ്റാത്ത വിധം ജനത്തിരക്കായി. ലാലേട്ടന് അവിടെ വന്നിറങ്ങാൻ പോലും പറ്റുന്നില്ല, അദ്ദേഹത്തെ ജനങ്ങൾ വന്ന പൊതിയുകയാണ്. പൊലീസുകാർക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടമായി കഴിഞ്ഞു. ഞാൻ നോക്കുമ്പോൾ ആ തിരക്കിനിടയിൽ നിന്ന് ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ശശിയേട്ടൻ. അദ്ദേഹം ചെണ്ടക്കാർക്കും ആനക്കാർക്കുമെല്ലാം പൊസിഷൻ പറഞ്ഞു കൊടുക്കുന്നു, മറ്റു പണികൾ ചെയ്യുന്നു. 10-15 സഹസംവിധായകൻ ചെയ്യേണ്ട ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. എങ്ങനെയാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത് എന്നത് ഇപ്പോഴും പിടികിട്ടാത്ത കാര്യമാണ്,' എന്ന് എം പത്മകുമാർ പറഞ്ഞു.