മാസ് സിനിമകളുടെ അമരക്കാരൻ എന്ന് പേരുകേട്ട വൈശാഖ് ഒരുക്കിയ വ്യത്യസ്തമായ സിനിമയായിരുന്നു വിശുദ്ധൻ. കുഞ്ചാക്കോ ബോബനും മിയയും പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആ സിനിമയുടെ പരാജയത്തെക്കുറിച്ച് റിപ്പോർട്ടർ ടിവിയുമായി സംസാരിക്കുകയാണ് വൈശാഖ്.
'എന്റെ സിനിമകൾ വരുമ്പോൾ കൂടെയുള്ളവർക്ക് ആക്ഷൻ ചെയ്യാൻ താൽപര്യം കൂടും. ഇപ്പോൾ വിശുദ്ധന്റെ കാര്യത്തിലേക്ക് വരാം. വിശുദ്ധൻ ആക്ഷൻ ഇല്ലാത്ത സിനിമയായിരുന്നു. വളരെ സോഫ്റ്റായ സിനിമയായിരുന്നു. അന്ന് കൂടെ വർക്ക് ചെയ്തവരെല്ലാം പറഞ്ഞു ആക്ഷൻ ഇല്ലെങ്കിൽ ശരിയാകില്ലെന്ന്. അങ്ങനെ ആക്ഷൻ തള്ളിക്കയറ്റി, ഒരു കാര്യവും ഇല്ലായിരുന്നു. വളരെ നാച്ച്വറലായൊരു സിനിമയായിരുന്നു, അതിന് മുകളിൽ ഞാൻ വെള്ളം ചേർത്തു,' വൈശാഖ് പറഞ്ഞു.
2013 നവംബറിലായിരുന്നു വിശുദ്ധൻ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ സിനിമയ്ക്ക് വിജയമാകാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ചിത്രമാണ് വിശുദ്ധൻ. ലാൽ, ഹരീഷ് പേരടി, സുരാജ് വെഞ്ഞാറമൂട്. നന്ദു, ശാലിൻ സോയ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈശാഖ് തന്നെ രചനയും നിർവഹിച്ച സിനിമയുടെ നിർമ്മാണം ആന്റോ ജോസഫായിരുന്നു.
'ഒരു നടൻ സ്മാർട്ടാകാൻ സിക്സ് പാക്ക് വേണ്ട, ഞാൻ ചെയ്യില്ല, അല്ലെങ്കിൽ കഥ ആവശ്യപ്പെടണം'; വിജയ് സേതുപതിഅതേസമയം വൈശാഖിന്റെ പുതിയ ചിത്രം ടർബോ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ.