ജോജു ജോർജ് എന്ന നടന്റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയ ചിത്രമാണ് ജോസഫ്. അവയവക്കടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയിലൂടെ ജോജു ദേശീയ പുരസ്കാരവേദിയിൽ പ്രത്യേക ജൂറി പരാമർശം നേടുകയും നായകനാടന്മനാരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. ഇപ്പോഴിതാ ജോസഫ് എന്ന സിനിമയിലേക്ക് ജോജുവിനെ കാസ്റ്റ് ചെയ്തതിന് പിന്നിലെ കഥ റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് സംവിധായകൻ എം പത്മകുമാർ.
'ജോജു എന്റെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, വാസ്തവത്തിലൊക്കെ നല്ല കഥാപാത്രമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയമികവിൽ എനിക്ക് സംശയമൊന്നുമില്ല. ഒരു നായകനാവാനുള്ള യോഗ്യതയുള്ള നടനാണ് ജോജു എന്നതിൽ എനിക്ക് സംശയമൊന്നുമില്ല,' എന്ന് എം പത്മകുമാർ പറഞ്ഞു.
'ജോസഫിന്റെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ എന്റെ മനസ്സിൽ വന്നത് ജോജുവിന്റെ മുഖമാണ്. വായിച്ചു തീർന്ന ശേഷം ഞാൻ ഷാഹി കബീറിനോട് ആര് നായകനായാൽ കൊള്ളാമെന്ന് ചോദിച്ചപ്പോൾ ബിജു മേനോൻ ചെയ്താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജുവല്ല അത് ചെയ്യാൻ പറ്റുന്ന മറ്റൊരാളുണ്ട്, അത് ജോജുവാണ്. ജോജു ഈ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ടെന്ന് ഷാഹി പറഞ്ഞു. അങ്ങനെ ജോജുവിനെ വിളിച്ചു. അങ്ങനെയാണ് ജോജു ജോസഫാകുന്നത്,' എം പത്മകുമാർ പറഞ്ഞു.
ഉള്ളൊഴുക്ക് കാണാൻ കാത്തിരിക്കുന്നുവെന്ന് സമാന്ത; പങ്കുവെച്ച് പാർവതി2018 ലായിരുന്നു ജോസഫ് റിലീസ് ചെയ്തത്. ത്രില്ലർ ഴോണറിൽ കഥ പറഞ്ഞ ചിത്രം 125 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ജോജുവിനെ കൂടാതെ ആത്മീയ രാജൻ, മാളവിക മേനോൻ, ദിലീഷ് പോത്തൻ, ഇർഷാദ്, സുധി കോപ്പ, മാധുരി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. സണ്ണി ഡിയോളിനെ നായകനാക്കി ഒരു ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്.