പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 11നാണ് തിയേറ്ററിലെത്തിയത്. വിനീത് ശ്രീനിവാസന്റ സംവിധാനത്തിൽ ഒരുങ്ങിയ വർഷങ്ങൾക്ക് ശേഷം 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന വർഷങ്ങൾക്ക് ശേഷത്തിൽ നിവിൻ പോളിയുടെ നിതിൻ മോളിയായുള്ള മാസ് എൻട്രിയും ഏറെ ശ്രദ്ധേയമായിരുന്നു.
ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമ പ്രേക്ഷക പ്രതികരണങ്ങളിൽ പതിയെ റിവേഴ്സ് ഗിയറിലേയ്ക്ക് മാറി. ഒരാഴ്ച പിന്നിട്ടതോടെ സിനിമയ്ക്ക് ലഭിച്ചത് മിക്സഡ് റിവ്യൂകളായിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം എന്ന നിലയിൽ ശ്രദ്ധ നേടിയെങ്കിലും തിയേറ്ററോട്ടം കഴിഞ്ഞ് ഒടിടിയിലെത്തിയതിന് പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. സിനിമയിലെ ക്രിഞ്ച് ഡയലോഗ് എന്ന പരാമർശം മുതൽ പ്രണവ് മോഹൻലാലിന്റെയും ധ്യാൻ ശ്രീനിവാസന്റെയും വയസായുള്ള മേക്കപ്പിനെ കുറിച്ച് വരെ നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എക്സിലുമെല്ലാം നിറയുന്നത്.
വര്ഷങ്ങള്ക്കു ശേഷം ഒരു സ്പൂഫ് ഗണത്തില് പെടുന്ന സിനിമയാണെന്നും മുതിർന്നവരെപ്പോലെ മേക്കപ്പ് ഇട്ട് കുട്ടികൾ വന്ന ഫ്ലിപ് കാർട്ടിന്റെ പഴയ പരസ്യം പോലെയുണ്ടെന്നും കമന്റുകൾ വന്നു. തിയേറ്ററിൽ മികച്ച അഭിപ്രായം നേടി ശ്രദ്ധേയമാകുന്ന സിനിമകൾ ഒടിടിയിലെത്തുമ്പോൾ മോശം സിനിമയാകുന്നതും, മോശം റിവ്യുവുമായി തിയേറ്ററിൽ പരാജയപ്പെട്ട് ഒടിടിയിൽ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും ഉണ്ട്. മലയാളത്തിലും മറ്റ് ഭാഷകളിലും ഇതിന് ഉദാഹരണങ്ങളുണ്ട്.
അത്തരം സിനിമകളുടെ പട്ടികയിലാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.എന്നാൽ വിനീത് ശ്രീനിവാസൻ സിനിമാ ആസ്വദകർ ട്രോളുകൾക്കെതിരെ പ്രതികരിക്കുന്നുണ്ട്. സിനിമയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്. ഈ ട്രെൻഡ് ഇവിടം കൊണ്ട് അവസാനിക്കുന്നില്ലെങ്കിൽ അതൊരു കൗതുകമാകും. ഇനി ഒടിടിയിലേയ്ക്ക് വരാനിരിക്കുന്നത് ആടുജീവിതവും മമ്മൂട്ടിയുടെ ടർബോയും ഗുരുവായൂർ അമ്പലനടിയിലും തുടങ്ങി തിയേറ്ററിൽ വിജയിച്ച സിനിമകളാണ്. ഒടിടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ഈ സിനിമകൾക്ക് കാത്തുവെച്ചിരിക്കുന്ന സ്വീകരണം ഏതുനിലയിലാണെന്ന് കാത്തിരുന്ന് കാണാം.