പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി ഒരുക്കിയ 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തന്റെ അടുത്ത സംവിധാന സംരംഭവുമായി എത്തുന്നു. ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ വിനീത് ചിത്രങ്ങൾ നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ ഷാൻ റഹ്മാൻ സിനിമയ്ക്ക് സംഗീതമൊരുക്കും. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹെലന് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നോബിള് തോമസാണ്. ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രങ്ങളിലും വിനീതിനൊപ്പം നോബിളുണ്ടായിരുന്നു. ഫിലിപ്സ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലും നോബിളാണെത്തിയത്. സിനിമയിലെ പ്രധാന താരങ്ങളെ കുറിച്ചൊ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ വർഷങ്ങൾക്ക് ശേഷം ഒരു വിജയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരൂപക ശ്രദ്ധയും നേടിയിട്ടുണ്ട്.
ഏപ്രിൽ 11നാണ് വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയത്. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് പ്രതിപാദിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നിതിൻ മോളിയായുള്ള കഥാപാത്രം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ്. വർഷങ്ങൾക്ക് ശേഷം സോണി ലിവിലൂടെ പ്രേക്ഷകർക്ക് ഇപ്പോൾ ആസ്വദിക്കാം.