ഉള്ളൊഴുക്കിലെ ഉർവ്വശിയുടെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി. ഉർവ്വശിയെ അല്ലാതെ ആ റോളിലേക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉർവ്വശിക്ക് ഈ റോൾ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന കാര്യത്തിൽ പേടിയുണ്ടായിരുന്നുവെന്നും ക്രിസ്റ്റോ പറഞ്ഞു. ഉർവ്വശി മാത്രമല്ല പാർവതി അവതരിപ്പിച്ച കഥാപാത്രവും മറ്റാരാലും പകരം വയ്ക്കാനാവാത്തതാണെന്നും സംവിധായകൻ പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.
സിനിമ എഴുതി തുടങ്ങിയപ്പോൾ കാസ്റ്റിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ആദ്യത്തെ സിനിമ ചെയ്യണമെന്നേ വിചാരിച്ചിട്ടുള്ളു. അതല്ലാതെ വലിയ രീതിയിൽ സിനിമ ചെയ്യണമെന്ന് കരുതിയിരുന്നില്ല. പക്ഷെ ഉർവ്വശി ചേച്ചി വന്നതിന് ശേഷം, ചേച്ചിയെ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുകൊണ്ട് ചെയ്യാൻ പറ്റുമോ എന്ന സംശയം വരുമ്പോൾ തന്നെ പേടിയാകുമായിരുന്നു. സിനിമ കണ്ടാൽ മനസിലാകും ആ റോൾ മറ്റാരാലും പകരം വയ്ക്കാനാവാത്തതാണെന്ന്. എനിക്ക് തോന്നുന്നില്ല മറ്റാരെങ്കിലും ഇത്രയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ അഭിനയിക്കുമെന്ന്.
ഉർവ്വശി മാത്രമല്ല, പാർവതിയാണെങ്കിലും ഈ സിനിമയിലെ ഡ്രീം കാസ്റ്റാണ്. ഇതിനേക്കാൾ നന്നായി കാസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പാണ്. അതിൽ എനിക്ക് വളരെ സന്തോഷമാണ്. ഇത്രയും നാൾ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന രണ്ട് പേരാണ്. പക്ഷെ ഒരുമിച്ച് സിനിമയിലെത്തിയിട്ടുമില്ല. അവരെ ആദ്യമായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു.
ജൂണ് 21നാണ് ഉള്ളൊഴുക്ക് തിയേറ്ററുകളില് പ്രദർശനത്തിനെത്തിയത്. ഉര്വശി, പാര്വതി എന്നിവരെ കൂടാതെ അലന്സിയര്, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില് പ്രധാനവേഷത്തില് എത്തിയിട്ടുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്ന്ന് ആര് എസ് വി പിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളില് നിര്മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹ നിര്മ്മാണം നിര്വഹിച്ചത് റെവറി എന്റര്ടൈന്മെന്റ്സിന്റെ ബാനറില് സഞ്ജീവ് കുമാര് നായരാണ്.
കൽക്കിക്ക് കലക്കൻ കച്ചവടം; ഓപ്പണിങ്ങിൽ 200 കോടി കൊയ്യുമെന്ന് റിപ്പോർട്ട്