പാർവതി തിരുവോത്തും ഉർവ്വശിയും പ്രധാന വേഷത്തിലെത്തിയ ഉള്ളൊഴുക്ക് നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഉർവ്വശിയും പാർവതിയും കൈയ്യടി വാങ്ങുമ്പോൾ ഉള്ളൊഴുക്കിന്റെ വ്യത്യസ്ത കഥാപശ്ചാത്തലവും സിനിമയിൽ പ്രധാനപ്പെട്ട ഒന്നാണ്. ഉള്ളൊഴുക്കിന്റെ കഥാപശ്ചത്താലം ചെറുപ്പകാലത്തെ ഓർമ്മയിൽ നിന്നുണ്ടായതാണെന്നാണ് സംവിധായകൻ ക്രിസ്റ്റോ ടോമി പറയുന്നുത്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഉള്ളൊഴുക്കിനെ കുറിച്ച് സംവിധായകൻ സംസാരിച്ചത്.
കുട്ടനാട്ടിലാണ് എന്റെ അമ്മയുടെ വീട്. അവധിക്കാലം അവിടെയായിരുന്നു. അവിടെ എല്ലാ വർഷവും വെള്ളം പൊങ്ങും. അത് അവിടെ ഒരു സാധാരണ സംഭവമാണ്. അത്തരത്തിൽ 2005-ലെ വെള്ളപ്പൊക്ക സമയത്താണ് മുത്തച്ഛൻ മരിക്കുന്നത്. അന്ന് എട്ട് ഒൻപത് ദിവസം വരെ അടക്കിനായി കാത്തിരിക്കേണ്ടി വന്നു. പിന്നീട് സിനിമ ചെയ്യണമെന്ന് ആലോചിച്ച സമയത്ത് ഈ സംഭവം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോൾ ഇതായിരിക്കണം കഥയെന്ന് ഞാൻ മനസിൽ വിചാരിച്ചിരുന്നു. 2016-ൽ കഥയെഴുതുമ്പോഴും ഈ പശ്ചത്താലം തന്നെയായിരുന്നു മനസിൽ. പിന്നീടാണ് വ്യത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിലേക്ക് വന്നത്.
ജൂണ് 21നാണ് ഉള്ളൊഴുക്ക് തിയേറ്ററുകളില് പ്രദർശനത്തിനെത്തിയത്. ഉര്വശി, പാര്വതി എന്നിവരെക്കൂടാതെ അലന്സിയര്, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില് പ്രധാനവേഷത്തില് എത്തിയിട്ടുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്ന്ന് ആര് എസ് വി പിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളില് നിര്മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹ നിര്മ്മാണം നിര്വഹിച്ചത് റെവറി എന്റര്ടൈന്മെന്റ്സിന്റെ ബാനറില് സഞ്ജീവ് കുമാര് നായരാണ്.