മലയാളസിനിമയെ മഹത്തരമാക്കിയ മഹാപ്രതിഭ; അടൂര് ഗോപാലകൃഷ്ണന് ഇന്ന് പിറന്നാൾ

കറുപ്പും വെളുപ്പും കലർന്ന ഫ്രെയിമിൽ നവതരംഗത്തിന്റെ തിരയിളക്കങ്ങൾ മലയാളത്തിൽ പടർന്നത് അടൂരിന്റെ ആദ്യ ചിത്രമായ സ്വയംവരത്തോടെയാണ്

dot image

വിഖ്യാത ചലച്ചിത്രകാരന് അടൂര് ഗോപാലകൃഷ്ണന്റെ 83-ാം പിറന്നാളാണിന്ന്. മലയാളത്തിൽ പുതിയ സിനിമാ സംസ്കാരത്തിന് തുടക്കമിട്ട മഹാപ്രതിഭയാണ് അടൂര് ഗോപാലകൃഷ്ണന്. മലയാള സിനിമയെ അന്തര്ദേശീയ തലങ്ങളില് അടയാളപ്പെടുത്തിയ അതുല്യ കലാകാരന്.

52 വര്ഷം പിന്നിട്ട സിനിമാജീവിതമാണ് അടൂര് ഗോപാലകൃഷ്ണന്റേത്. ഇതിനിടെ അണിച്ചൊരുക്കിയത് 12 ഓളം സിനിമകള്, ഒപ്പം മുപ്പതിലേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും .1972 ല് പുറത്തിറങ്ങിയ സ്വയംവരമാണ് ആദ്യ സിനിമ. ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരം തേടിയെത്തി.

പിന്നാലെ വന്ന കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ,വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, നാല് പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളസിനിമയുടെ തന്നെ രാജ്യാന്തര മേൽവിലാസമായതിന് ചരിത്രം സാക്ഷി.

1941-ൽ മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടെയും പള്ളിപ്പാട് മാധവനുണ്ണിത്താന്റെയും ഏഴു മക്കളിൽ ആറാമനായി അടൂരിൽ ജനനം. മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നതാണ് മുഴുവന് പേര്. ജാതിവിരോധത്താൽ, 20ാം വയസ്സിൽ ജാതിവാൽ മുറിച്ചു. രാഷ്ട്രമീമാംസയില് ബിരുദമെടുത്ത് ഒന്നരവര്ഷത്തോളം നാഷണൽ സാംപിൾ സർവേയില് ജോലി നോക്കി. നാടകത്തോടുള്ള ആവേശം മൂത്ത് ഇൻവെസ്റ്റിഗേറ്റർ ഉദ്യോഗം ഉപേക്ഷിച്ച് 1962-ൽ പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചലച്ചിത്രകാരനായി. അതുവരെയും കെട്ടുകാഴ്ചകൾ മാത്രം തകർത്താടിയിരുന്ന കറുപ്പും വെളുപ്പും കലർന്ന ഫ്രെയിമിൽ നവതരംഗത്തിന്റെ തിരയിളക്കങ്ങൾ മലയാളത്തിൽ പടർന്നത് അടൂരിന്റെ ആദ്യ ചിത്രമായ സ്വയംവരത്തോടെയാണ്. കാലങ്ങൾക്കിപ്പുറം, ആ തിരയിളക്കത്തിന് മലയാളത്തിൽ സമാനതകളില്ല.

സംവിധാനം ചെയ്ത് 12 ല് 10 ചിത്രങ്ങള്ക്കും ദേശീയ പുരസ്കാരങ്ങള്, പ്രധാനപ്പെട്ട എല്ലാ അന്തർദ്ദേശീയമേളകളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചുവെന്ന ഖ്യാതി, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, നിരവധി തവണ അന്തർദ്ദേശീയ നിരൂപകസംഘടനയുടെ ഫിപ്രെസ്കി പ്രൈസ് പുരസ്കാരം, ഫ്രഞ്ച് സര്ക്കാരിന്റെ 'കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്' ബഹുമതി, പത്മശ്രീ ബഹുമതി, പത്മവിഭൂഷൻ, ദാദാ സാഹേബ് ഫാൽക്കേ അവാർഡ്, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി തുടങ്ങി രാജ്യത്ത് ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും അടൂരിനെ തേടിയെത്തിയതും മലയാളത്തിന്റെ അഭിമാനം.

കേരളത്തില് സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര് മുന്കൈ എടുത്ത് രൂപീകരിച്ചതാണ്. അരവിന്ദന്, പി.എ.ബക്കര്, കെ.ജി. ജോര്ജ്, പവിത്രന്, രവീന്ദ്രന് തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന് ചിത്രലേഖയ്ക്കു കഴിഞ്ഞിട്ടുണ്ട്. മലയാളസിനിമയെ മഹത്തരമാക്കിയ മഹാ പ്രതിഭയ്ക്ക് റിപ്പോര്ട്ടറിന്റെ ജന്മദിനാശംസകള്.

dot image
To advertise here,contact us
dot image