2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളെ പ്രശംസിച്ച് ലോകപ്രശസ്തമായ ദി എക്കണോമിസ്റ്റ് വാരിക. പുറത്തുള്ളവർക്ക് ഇന്ത്യൻ സിനിമ എന്നാൽ മസാല സിനിമകളാണ്. എന്നാൽ വ്യത്യസ്തമായ സിനിമകളിലൂടെ മോളിവുഡ് മുന്നിട്ട് നിൽക്കുന്നു. മൂന്നര കോടി ആളുകൾ മാത്രമുള്ള കേരളത്തിൽ നിന്ന് 2023ൽ 200ൽ അധികം സിനിമകൾ പുറത്തിറങ്ങി. 50 കോടിയോളം ഹിന്ദി സംസാരിക്കുന്നവരുള്ള ബോളിവുഡിലും ഇതേ അളവിൽ മാത്രമാണ് സിനിമകൾ പുറത്തിറങ്ങിയത്. മലയാള സിനിമയിൽ ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഒരുപോലെയുണ്ടെന്ന് മാസികയിൽ പറയുന്നു.
2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് 240 കോടിയോളം രൂപ നേടി. ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മഞ്ഞുമ്മൽ ബോയ്സ് മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ സിനിമയിലെ മറ്റ് ഹിറ്റുകളെ അപേക്ഷിച്ച് ഈ ചിത്രത്തിന്റെ അഭിനേതാക്കൾ അത്ര പ്രശസ്തരല്ല. ഈ സിനിമയുടെ നിർമ്മാണ ചെലവാകട്ടെ 20 കോടിയോളം രൂപ മാത്രമാണ്. എന്നാൽ ഈ വർഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ വിജയമായ ഫൈറ്റർ എന്ന ചിത്രത്തിന് ഇതിന്റെ 13 ശതമാനത്തിലധികമാണ് ചെലവായത്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ആദ്യ പത്തിൽ മൂന്നെണ്ണം മലയാള സിനിമകളാണെന്നും വാരിക വ്യക്തമാക്കി.
'ഈ കഥ എനിക്ക് അറിയില്ല'; രാജാസാബ് ലീക്ക്ഡ് പ്ലോട്ടിനെ ട്രോളി സംവിധായകൻമലയാള സിനിമയിൽ ആടുജീവിതവും ആവേശവും ഭ്രമയുഗവും പോലെ വ്യത്യസ്തമായ സിനിമകളുണ്ടാവുകയും അതെല്ലാം വിജയമാവുകയും ചെയ്യുന്നു. വർഷങ്ങളായി, കേരളത്തിലെ സിനിമകൾ സംസ്ഥാനത്തിനകത്തുള്ള പ്രേക്ഷകരിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ കൊവിഡാനന്തരം മലയാള സിനിമയ്ക്ക് രാജ്യമെമ്പാടും ആരാധകരുണ്ടായെന്നും മാസിക നിരീക്ഷിച്ചു.