ശങ്കർ-കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' റിലീസിനായി ഇനി ബാക്കിയാകുന്നത് ഒരാഴ്ച്ച മാത്രമാണ്. 28 വർഷം മുൻപ് തമിഴ് പ്രേക്ഷകർക്ക് ആവേശമായ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിൽ അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് U/A സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്.
അതിലൊന്ന് പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക എന്നതാണ്. വാചകം വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരത്തിൽ ബോൾഡ് ആക്കണം, രണ്ടാമതായി, 'കൈക്കൂലി ചന്ത' എന്ന പ്രയോഗം സിനിമയിൽ നീക്കം ചെയ്യണം.'ഡേർട്ടി ഇന്ത്യൻ' പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളിൽ നിന്ന് നീക്കം ചെയ്യാനും പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻഒസി നൽകണമെന്നും സിനിമാ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്ന് മണിക്കൂർ നാല് സെക്കൻഡാണ് സിനിമയുടെ ദൈർഘ്യം. ജൂലൈ 12-നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിനായി 150 കോടിയാണ് കമൽഹാസന് നൽകിയ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ-2ൽ രകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, സിദ്ധാർഥ്, ജേസൺ ലംബേർട്ട്, ഗുൽഷൻ ഗ്രോവർ, ബോബി സിംഹ, എസ് ജെ സൂര്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. അന്തരിച്ച് നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങൾ വീണ്ടും സിജിഐ ടെക്നോളജി ഉപയോഗിച്ചും ബോഡി ഡബിളിംഗിലൂടെയും വെള്ളിത്തിരയിലെത്തുന്നു എന്നത് ശ്രദ്ധേയമായ ഘടകമാണ്.
അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യൻ 2വിനൊപ്പം ഇന്ത്യൻ 3യും ഒരുമിച്ചാണ് ചിത്രീകരിച്ചത്. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം മൂന്നാം ഭാഗവും വൈകാതെ തിയേറ്ററുകളിലെത്തുമെന്നും സംവിധായകൻ ശങ്കർ പറഞ്ഞിരുന്നു. ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
അൽത്താഫ് സലീമും അനാർക്കലി മരിക്കാറും പ്രധാന കഥാപാത്രങ്ങൾ; മന്ദാകിനി ഇനി ഒടിടിയിൽ ചിരി പടർത്തും