
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360'യിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എങ്കിലും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന സൂചന ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ ഷെഡ്യൂള് ബ്രേക്ക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാണ കമ്പനിയായ രജപുത്ര.
മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും നിർമ്മാതാവ് എം രഞ്ജിത്തുമെല്ലാം ഏറെ വൈകാരികമായി സിനിമയെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. തനിക്ക് ഈ സിനിമ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നാണ് മോഹൻലാൽ പറയുന്നത്. ഷെഡ്യൂൾ അവസാനിപ്പിച്ച് പോകുമ്പോൾ ഏറെ വിഷമമുണ്ടെന്നും എത്രയും വേഗം തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും മോഹൻലാൽ പറയുന്നു.
'47 വർഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ സിനിമയാണിത്. പോകുമ്പോൾ ഒരു സങ്കടമുണ്ടാകും. ആ സങ്കടത്തോട് കൂടി ഞാൻ പോകുന്നു. ഇവിടെ തന്നെ ഇങ്ങനെ നിന്ന എത്രയോ ദിവസങ്ങൾ, ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു... എളുപ്പം തിരിച്ച് വരാൻ,' എന്നാണ് വീഡിയോയിൽ മോഹൻലാൽ പറയുന്നത്. താരത്തിന്റെ ഈ വാക്കുകൾ മാത്രം മതി സിനിമയുടെ മേൽ പ്രതീക്ഷ വയ്ക്കാൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ എവര്ഗ്രീന് കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
അശ്വത്ഥാമാവിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ബച്ചൻ;'നിങ്ങളെപ്പോലെ മറ്റൊരാളില്ല' എന്ന് ആരാധകർചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്.