എട്ട് വർഷത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഡിസംബറിൽ ആരംഭിക്കുമെന്ന് സത്യൻ അന്തിക്കാട്. സിനിമ ആരംഭിക്കുന്നതിന് മുൻപ് പേര് നൽകിയതിനെ കുറിച്ചും മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഷൂട്ടിങ് പൂർത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോൾ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനുള്ളത്. “ അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ആയാലോ “ എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു… “ നമുക്ക് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന് പേരിടാം. ഒരു ഇന്ത്യൻ പ്രണയകഥയും ഞാൻ പ്രകാശനും ഷൂട്ടിങ്ങിന് മുമ്പേ കയറിവന്ന പേരുകൾ ആണ്. പുതിയ ചിത്രം ഡിസംബറോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത് എങ്കിലും “ഹൃദയപൂർവ്വം” എന്ന പേര് നൽകുന്നു. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിക്കുന്നത് എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വീണ്ടും മോഹൻലാൽ എന്റെ നായകനാകുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സിൽ രൂപപ്പെട്ടു കഴിഞ്ഞപ്പോൾ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങൾ എഴുതുവാനും "നൈറ്റ് കോൾ" എന്ന മനോഹരമായ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.
ചിത്രത്തിൽ നായിക ആരായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരനുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നതായി സത്യൻ അന്തിക്കാട് ഏതാനും മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ സിനിമയെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല.
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്നാണ് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചത്. 2015 ൽ ഇറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ 'മകൾ'ആയിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.