വ്യത്യസ്ത മേക്കിങ് കൊണ്ട് ലോക പ്രശസ്തി നേടിയ ഇന്ത്യൻ സംവിധായകരുടെ പട്ടികയിലുണ്ട് എസ് എസ് രാജമൗലി എന്ന അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് അവസാനമെത്തിയ ചിത്രമാണ് ബാഹുബലി സീരീസും ആർ ആർ ആറും. ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയ സംവിധായകന്റെ സിനിമാജീവിതത്തെ കുറിച്ച് പുതിയ ഡോക്യുമെന്ററി ഒരുങ്ങുകയാണ്.
'മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്ലിക്സാണ് നടത്തിയത്. ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി ഓഗസ്റ്റ് രണ്ടിന് പ്രീമിയർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജമൗലിയുടെ കരിയറിനെ കുറിച്ചുള്ള വളരെ വിശദമായ കഥയാണ് മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി എന്ന ഡോക്യുമെന്ററിയിലൂടെ പറയുന്നത്.
ജെയിംസ് കാമറൂൺ, ജോ റൂസോ തുടങ്ങി നിരവധി പ്രമുഖ സംവിധായകരുടെയും സിനിമ പ്രവർത്തകരുടെയും അഭിമുഖങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ കരൺ ജോഹർ, പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയവരും രാജമൗലിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.
അനുപമ ചോപ്രയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. 'ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച സംവിധായകനാണ് രാജമൗലി, അദ്ദേഹത്തിൻ്റെ കൃതി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിക്കുന്നതാണ്. ഇതിഹാസളിലേക്ക് നീണ്ടുകിടക്കുന്ന അദ്ദേഹത്തിൻ്റെ കഥകൾ ആഖ്യാനത്തിൻ്റെ നിലവാരത്തെ മാറ്റിമറിച്ചവയാണ്. ആഗോളതലത്തിൽ അദ്ദേഹത്തിൻ്റെ കരിയറും സിനിമാ പാരമ്പര്യവും അവതരിപ്പിക്കുന്നതിൽ നെറ്റ്ഫ്ലിക്സുമായും അപ്ളോസ് എൻ്റർടൈൻമെൻ്റുമായും പങ്കാളികളാകുന്നതിൽ വളരെ ആവേശത്തിലാണ്', എന്നാണ് അനുപമ ചോപ്ര പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ കലാകരന്മാർക്ക് ആദരം അർപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് മോഡേൺ മാസ്റ്റേഴ്സ് സീരീസിൻ്റെ ഭാഗമായാണ് എസ് എസ് രാജമൗലിയുടെ ജീവിതവും ഉൾപ്പെടുത്തിയിരിക്കുന്നത്. ദി ഗ്രേറ്റസ്റ്റ് റിവലി - ഇന്ത്യ Vs പാകിസ്ഥാൻ, യോ യോ ഹണി സിംഗ്: 2024 എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് ഡോക്യുമെൻ്ററികൾ.
ഇത് ടെറർ ശിവണ്ണ; ജന്മദിന സർപ്രൈസുമായി 'ഉത്തരകാണ്ഡ' ടീം