പാട്ടുകളെ റീലുകളിലൂടെ ട്രെൻഡാക്കുന്ന സോഷ്യൽ മീഡിയയിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ചേക്കേറിയ ഗാനമാണ് സായ് അഭ്യങ്കർ, അഥവാ അഭയ് എന്ന യുവ ഗായകന്റെ 'കച്ചി സേര' എന്ന മ്യൂസിക് വീഡിയോ. വളരെ വേഗം തന്നെ ലോകമെമ്പാടും പാടിയ ഈ ഗാനത്തിൽ നിന്ന് പിറന്ന വ്യത്യസ്ത റീലുകൾ ലക്ഷങ്ങൾക്കും അപ്പുറമാണ്. പാട്ട് എത്രത്തോളം സംഗീതാസ്വാദകരെ, പ്രത്യേകിച്ച് യുവാക്കളെ ആകർഷിച്ചത് എത്രയാണ് എന്നറിയണമെങ്കിൽ യൂട്യൂബിൽ മാത്രം കച്ചി സേര കണ്ടവരുടെ എണ്ണം നോക്കിയാൽ മാതി. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 14 കോടിയിലധികം പേരിലേക്കാണ് പാട്ട് എത്തിയിരിക്കുന്നത്.
എന്നാൽ കച്ചി സേരയുടെ ട്രെൻഡ് സോഷ്യൽ മീഡിയയിൽ നിന്ന് മാറുന്നതിന് മുൻപ് സായ് അഭ്യങ്കർ മറ്റൊരു പാട്ട് കൂടി കൊണ്ടുവന്ന് പുതിയ ട്രെൻഡ് കൂടിയുണ്ടാക്കിയിരിക്കുകയാണ്. 'ആസ കൂട' എന്ന പാട്ട് പാടി ഡാൻസ് ചെയ്യാത്തവരും റീൽസ് കാണാത്തവരും ഇന്ന് സോഷ്യൽ മീഡിയയിൽ ഇല്ല എന്ന് തന്നെ പറയാം. ഒരാഴ്ച്ചയ്ക്കുള്ളിൽ യൂട്യൂബിൽ നിന്ന് 2 കോടി 48 ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ഈ ഗാനം യൂട്യൂബ് ട്രൻഡിങ് ലിസ്റ്റില് എട്ടാം സ്ഥാനത്താണ്.
ആരാണ് ഈ ഗ്ലോബൽ ചാർട്ട്ബസ്റ്ററുകളുടെ താരമായ സായ് അഭ്യങ്കർ എന്ന യുവ ഗായകൻ. തമിഴ് സിനിമ പിന്നണിഗാന രംഗത്ത് സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ ടിപ്പുവിന്റെയും ഗായിക ഹരിണിയുടെയും മകനാണ് അഭയ്. ആറ് വയസ് മുതൽ സംഗീതത്തോട് താല്പര്യം കാണിച്ച അഭയ് പതിനൊന്നാം വയസു തൊട്ടാണ് സ്വന്തമായി മ്യൂസിക് കംപോസിങ് ആരംഭിക്കുന്നത്. അഭയ്യുടെ പാട്ട് വീഡിയോകൾ ശ്രദ്ധയിൽപെട്ട എ ആർ റഹ്മാൻ അഭയ്യുടെ മാതാപിതാക്കളോട് മകനെ കുറിച്ച് സംസാരിക്കുകയും തുടർന്ന റഹ്മാന്റെ ശിക്ഷണ ത്തിൽ സംഗീത ജീവിതം ആരംഭിക്കുകയുമായിരുന്നു.
13-ാം വയസിൽ എ ആർ റഹ്മാനോടൊപ്പം കുടിയ അഭയ് അദ്ദേഹത്തിന്റെ കൺസേർട്ടുകളിലും ഭാഗമായി. 16 വയസ് മാത്രമുണ്ടായിരുന്ന സമയത്താണ് അഭയ് തന്റെ സുഹൃത്തിന്റെ വരികളുപയോഗിച്ച് ആറ് പാട്ടുകളാണ് കംപോസ് ചെയ്തത്. അതിൽ ഒന്ന് വീണ്ടും ഇംപ്രൂവ് ചെയ്തതാണ് കച്ചി സേര എന്ന ഗാരം പ്രേക്ഷകരിലേക്ക് എത്തിയത്. വ്യത്യസ്തമായ ഗാന ശൈലിയിലൂടെ പുതിയ പാട്ടുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാല് വർഷം കൊണ്ട് കംപോസ് ചെയ്തെടുത്ത കച്ചി സേര അഭയ്ക്ക് രാശിയായിരുന്നു. തന്റെ രണ്ടാമത്തെ ഗാനമായ ആസ കൂടയും ചാർട്ട്ബസ്റ്ററിൽ ഇടം നേടുമ്പോൾ അനിരുദ്ധിന് ശേഷം ആര് എന്ന ചോദ്യത്തിന് അഭയ് ഉള്ളപ്പോൾ മറ്റാര് എന്ന് മറുപടി പറയുകയാണ് സംഗീതാസ്വാദകർ.