'മാം തുഝേ സലാം' ഒരു പിതാവിന് വേണ്ടി സൃഷ്ടിച്ച ഗാനം; രസകരമായ ആ കഥ ഇങ്ങനെ

ഇന്ത്യയെന്ന വികാരത്തെ ഉള്ക്കൊള്ളുന്ന ഗാനം 'മാം തുഝേ സലാം'

സ്നേഹ ബെന്നി
1 min read|13 Jul 2024, 04:10 pm
dot image

'മാം തുഝേ സലാം...' ടി20 വേള്ഡ് കപ്പ് വിജയത്തിനു ശേഷം കിരീട ജേതാക്കളായി ഇന്ത്യന് മണ്ണിലെത്തിയ ടീമിനു വേണ്ടി വാങ്കഡെ സ്റ്റേഡിയത്തില് ഇന്ത്യന് ആരാധകര് ആര്ത്തുപാടിയ ഗാനം. ഇന്ത്യ തങ്ങളുടെ അഭിമാന നിമിഷങ്ങളില് ഒരേസ്വരത്തില് പാടുന്ന ഗാനം, ഭാരതത്തിനു വേണ്ടി ഭാരതാംബയ്ക്കു വേണ്ടിയുള്ള ഈ ഗാനം യഥാര്ത്ഥത്തില് ഒരു പിതാവിനു വേണ്ടി മകന് തയ്യാറാക്കിയതാണെന്ന് എത്ര പേര്ക്ക് അറിയാം....!!

ഇന്ത്യന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഒരു പിതാവ് ഒരിക്കല് തന്റെ മകനോടു പറഞ്ഞു 'വന്ദേഭാരതം എന്നും ഞങ്ങള്ക്കൊരു യുദ്ധമുറയായിരുന്നു, എന്തുകൊണ്ടത് പുതുതലമുറയിലേക്കെത്തിക്കുന്നില്ല?'.

ചെന്നൈയില് ജോലി ചെയ്തിരുന്ന ആഡ് ഫിലിം ഡയറക്ടറായ ഭരത്ബാലയുടെ പിതാവ് വി. ഗണപതിയുടേതായിരുന്നു ഈ ചോദ്യം. തന്റെ പിതാവ് ഉയര്ത്തിയ വെല്ലുവിളി ഏറ്റെടുക്കാന് തീരുമാനിച്ച് ജോലിയില് നിന്ന് ലീവ് എടുത്ത് ഭരത്ബാല തന്റെ സ്കൂള് സുഹൃത്തിനെ ലക്ഷ്യം വച്ചിറങ്ങി. ആ സുഹൃത്ത് മറ്റാരുമല്ലായിരുന്നു, ഇന്ത്യയുടെ അഭിമാനം സാക്ഷാല് എ ആര് റഹ്മാന്. 'ഒരു ഗാനം തയ്യാറാക്കണം. 25 വര്ഷം കഴിഞ്ഞുx ഇന്ത്യന് മണ്ണില് മുഴങ്ങി കേള്ക്കാന് പാകത്തിനൊരു ഗാനം, പുതുമ ഒരിക്കലും നഷ്ടപ്പെടാത്ത ഒരു ഗാനം'. ഇതായിരുന്നു ഭരത്ബാല എആര് റഹ്മാന് മുന്നില് വച്ച ആവശ്യം.

ഗാനത്തിന്റെ വാക്കുകള് എഴുതാന് ഇരുവരും ചേര്ന്ന് അന്നത്തെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് മെഹബൂബിനെ സമീപിച്ചു. മെഹബൂബിന് മുന്പില് റഹ്മാന് വച്ചത് ഒരു ഡിമാന്റ് മാത്രം. ഏതുപ്രായത്തിലുള്ളവര്ക്കും ഒരു പോലെ പാടാന് കഴിയുന്നതായിരിക്കണം പാട്ടിന്റെ വരികള്. എക്കാലത്തും പുതിയതെന്ന് തോന്നിക്കുന്നതാകണം വാക്കുകള്.

അങ്ങനെ ഇന്ത്യയുടെ 50-ാം സ്വാതന്ത്ര്യ ദിനത്തില്, ഇന്ത്യയ്ക്ക് 50 വയസ്സ് തികഞ്ഞപ്പോള്, സ്വാതന്ത്ര്യ സമര സേനാനികളുടെ മുദ്രാവാക്യമായിരുന്ന വന്ദേഭാരതം എന്ന വാക്കുകള് ഓരോ ഇന്ത്യക്കാരന്റെയും മനസുകളില് അലയടിപ്പിച്ചു എ ആര് റഹ്മാന്. അങ്ങനെ 'മാ തുജെ സലാം' എന്ന ഗാനം 28 രാജ്യങ്ങളില് ഒരേസമയം പുറത്തിറങ്ങി. വന്ദേമാതരം ആല്ബം ആദ്യ ആഴ്ചയില് തന്നെ അഞ്ച് ലക്ഷം കോപ്പികള് വിറ്റു. അന്താരാഷ്ട്രതലത്തില് ഏറ്റവും കൂടുതല് വിറ്റഴിഞ്ഞ ഇന്ത്യന് ചലച്ചിത്രേതര ആല്ബമായി ഇന്നും അത് തുടരുന്നു.

1997ലാണ് മാം തുഝേ സലാം ഗാനം പിറവിയെടുക്കുന്നത്. ഏതെങ്കിലുമൊരു ജാതിയുടെയോ മതത്തിന്റെയോ അതിര്വരമ്പുകള്ക്കപ്പുറം ദേശസ്നേഹം മാത്രം ജനഹൃദയങ്ങിലൂടെ കടന്നുപോകണമെന്ന ലക്ഷ്യമായിരുന്നു ഈ ഗാനം നിര്മിക്കുമ്പോള് റഹ്മാന്റെ മനസിലുണ്ടായിരുന്നത്. ഇന്ത്യയുടെ എല്ലാ കോണിലും അറിയപ്പെടുന്ന ഗാനമായി 'മാ തുജെ സലാം' മാറി. 27 വര്ഷങ്ങള്ക്കിപ്പുറവും ഇന്ത്യ അഭിമാനം കൊള്ളുന്ന ഓരോ വേദികളിലും 'മാം തുഝേ സലാം' ഗാനത്തിന്റെ അലയൊളികള് കേട്ടുകൊണ്ടേ ഇരിക്കുന്നു.

*കടപ്പാട്: ഇന്ഡ്യാ ടുഡേ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us