നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ സംഗീത സംവിധായകൻ രമേശ് നാരായണിനെ വിമർശിച്ച് സംവിധായകൻ സജിൻ ബാബു. രമേശ് നാരായണന്റെ മനസ്സിലെ ഞാൻ എന്ന ഭാവമാണ് ആസിഫ് അലിയെ അപമാനിച്ചതിലൂടെ പുറത്തുവന്നതെന്ന് സജിൻ ബാബു പറഞ്ഞു. ആസിഫ് തന്നെക്കാൾ താഴെയുള്ള ഒരാളാണെന്ന തോന്നലാകാം ഇതിന് കാരണം. എന്നാൽ ആ സംഭവത്തിലൂടെ ഒരുപാട് മനുഷ്യരേക്കാൾ രമേശ് നാരായൺ താഴെ പോവുകയാണുണ്ടായതെന്ന് സജിൻ ബാബു സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
'ആസിഫ് അലിയിൽ നിന്നും രമേശ് നാരായണൻ ഉപഹാരം താത്പര്യമില്ലാതെ വെറുതെ വാങ്ങിയിട്ട് വീണ്ടും അതെ മെമെന്റോ വീണ്ടും ജയരാജ് സാറിൽ നിന്നും സന്തോഷത്തോടെ സ്വീകരിക്കുന്നതും നമ്മൾ കണ്ടു. ഇതിനെ പലരും മതത്തെ കൂട്ടുപിടിച്ച് ചർച്ചയാകുന്നതും കാണുന്നു. സത്യത്തിൽ എനിക്ക് മനസ്സിലാകുന്നത് ഇവിടെ മതമല്ല കാര്യം, രമേശ് നാരായണന്റെ മനസ്സിലെ ഞാനെന്ന ഭാവമാണ് ഇതിലൂടെ പുറത്ത് വന്നത്',
'സംഘാടകരും മനുഷ്യർ തന്നെയല്ലേ? അവർക്കും അബദ്ധം പറ്റാം. പുതിയ തലമുറയിലെ പലർക്കും വലിയ നടൻമാരെയല്ലാതെ കലയുടെ മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച ആരെയും അറിയില്ല എന്നതാണ് സത്യം. അവിടെയുണ്ടായിരുന്ന പലരോടും എംടിയെക്കുറിച്ച് ചോദിച്ചാൽ പോലും കയ്യിലിരിക്കുന്ന നോട്ടീസിലോ, ഗൂഗിളിലോ നോക്കാതെ പറയാൻ പറ്റില്ല എന്നത് കഴിഞ്ഞ കുറച്ച് കാലം മുന്നേ എംടി യെ കുറിച്ചുള്ള ഇതുപോലത്തെ ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുത്തപ്പോൾ അനുഭവത്തിലൂടെ മനസ്സിലായ കാര്യമാണ്. ഇവിടെ ആസിഫ് അലിക്ക് പകരം മമ്മൂട്ടിയോ, യൂസഫ് അലിയോ പോലുള്ള മറ്റ് പ്രമുഖർ ആയിരുന്നു അദ്ദേഹത്തിന് ഈ ഉപഹാരം കൈ മാറിയിരുന്നെങ്കിൽ ഇയാൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ആസിഫ് അലി തന്നെക്കാൾ താഴെ ഉള്ള ഒരാളാണെന്നുള്ള തോന്നലായിരിക്കാം ഇതിന് മറ്റൊരു കാരണം,'
'എന്നിട്ട് ഇപ്പോൾ കാര്യങ്ങൾ കൈവിട്ട് പോയപ്പോഴും, തന്റെ അഹങ്കാരത്തിന് പ്രഹരമേറ്റു എന്ന് മനസ്സിലാക്കിയപ്പോഴും അദ്ദേഹം മീഡിയയിൽ വന്നിരുന്ന് മോങ്ങുകയും, ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കാണുമ്പോൾ സത്യത്തിൽ താങ്കൾ ആസിഫ് അലിയെക്കാൾ മാത്രമല്ല ഒരുപാട് മനുഷ്യരേക്കാൾ താഴെയായിപോകുന്നു ശ്രീ പണ്ഡിറ്റ് രമേശ് നാരായൺ ജി അങ്ങയുടെ സ്ഥാനം', എന്ന് സജിൻ ബാബു കുറിച്ചു.