തിയേറ്ററില്‍ മികച്ച നേട്ടം കൊയ്ത മമ്മൂട്ടി ചിത്രമാണ് 'ടര്‍ബോ'. പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ മാസ് ഫൈറ്റ് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്തിയത്. തിയേറ്ററില്‍ വലിയ വിജയം നേടിയ സിനിമയുടെ ബജറ്റിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പല ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം അവസാനമിട്ടിരിക്കുകയാണ് സംവിധായകൻ വൈശാഖ്.
മമ്മൂട്ടിയുടെ സാലറി ഇല്ലാതെ ചിത്രം ഇരുപത് കോടി രൂപയ്ക്ക് തീർക്കണമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രോസസിൽ വിചാരിക്കാത്ത ചില പ്രശ്നങ്ങളുണ്ടായി. പ്രശ്നങ്ങളും കുറച്ചധികം ദിവസങ്ങൾ, പ്രത്യേകിച്ച് ആക്ഷൻ സ്വീക്വൻസുകൾ ഷൂട്ട് ചെയ്യാനൊക്കെ അധികം ദിവസങ്ങൾ വേണ്ടി വന്നു. 80 ദിവസത്തിൽ പൂർത്തിയാക്കാം എന്ന് കരുതിയ ഷൂട്ടിങ് 104 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത് എന്ന് വൈശാഖ് പറയുന്നു.
തന്റെ അറിവിൽ 23.5 കോടി രൂപയാണ് ടർബോയുടെ ബജറ്റ്. മമ്മൂക്കയുടെ ശമ്പളം പോയിട്ടുള്ള കണക്കാണിത്. മമ്മൂക്കയുടെ സാലറി, പ്രമോഷൻ കോസ്റ്റ് ഒക്കെ വന്നേക്കാം. റിട്ടേൺസും ലാഭവും നിർമാതാവിനു മാത്രമേ പറയാൻ പറ്റുകയുള്ളു എന്നും വൈശാഖ് വ്യക്തമാക്കി. സിനിമ പ്രാന്തന് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്. രാജ് ബി ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.