തെറ്റുപറ്റിയ ആളുടെ മേലുള്ള ഹീനമായ പരിഹാസങ്ങൾ ആദ്യം സംഭവിച്ച തെറ്റിനേക്കാൾ ഭീകരമാണ്: അനു പാപ്പച്ചൻ

മനുഷ്യരെ തമ്മിൽ തല്ലിക്കാനല്ല, കൂട്ടിപ്പിടിക്കാനാണ് കല / കലാകാരൻ എന്ന് തെളിയിച്ച ആസിഫിനോട് ആദരം

dot image

ആസിഫ് അലിയ്ക്ക് പിന്തുണയറിയിച്ച് എഴുത്തുകാരിയും അധ്യാപികയുമായ അനു പാപ്പച്ചൻ. കടന്നു വന്ന വഴികളിൽ അഭിമാനമാണ്, പക്ഷേ അതിൽ അധ്വാനവുമുണ്ട് എന്ന് ഒരിക്കൽ താൻ അടങ്ങിയ ഒരു പൊതുപരിപാടിയിൽ ആസിഫ് അലി പറഞ്ഞതിനെ കുറിച്ചാണ് അനു പാപ്പച്ചൻ ഫേസ്ബുക്കിലൂടെ കുറിച്ചത്. ഇന്ന് ആസിഫ് അലി നടത്തിയ വാർത്താ സമ്മേളനത്തിലെ താരത്തിന്റെ പക്വതയും മാനവികബോധവുമുള്ള ഇടപെടലിനെ കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

തെറ്റുപറ്റുന്ന ഒരാളുടെ നേർക്കുള്ള ആക്രോശങ്ങളും ഹീനമായ പരിഹാസങ്ങളും വയലൻസും ആദ്യം സംഭവിച്ച തെറ്റിനേക്കാൾ ഭീകരമായാണ് പരസ്യപ്പെട്ടതെ എന്ന് സോഷ്യൽ മീഡിയയിൽ രമേശ് നാരായണിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ചും അനു പാപ്പച്ചൻ വ്യാക്തമാക്കിക്കൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

സൺഡേ ഹോളിഡേ എന്ന സിനിമയുടെ പ്രമോഷൻ കോളജിൽ വച്ച് നടന്നപ്പോഴാണ് വളരെ കുറച്ചു സമയത്തേക്കെങ്കിലും ആസിഫ് അലിയോട് ഇടപഴകാൻ അവസരമുണ്ടായത്. യാതൊരു ജാഡകളുമില്ലാതെ ആ ചെറുപ്പക്കാരൻ കുട്ടികളോടു സംവദിച്ചു. 'ബൾബ്' എന്നോ മറ്റോ ഒരു പരിപാടി ആങ്കർ ചെയ്ത പയ്യൻസ് കാലത്ത്, കോളജിൽ ഒരു വെന്യു ചോദിച്ചപ്പോൾ അനുവാദം കിട്ടിയില്ല എന്നും ദാ ഇപ്പോൾ ഓഡിറ്റോറിയത്തിൽ എല്ലാവരുടെയും മുന്നിൽ നിൽക്കുമ്പോൾ നിറഞ്ഞ സന്തോഷമാണെന്നും പങ്കുവച്ചു. കുട്ടികളുടെ കുസൃതി കുറുമ്പു ചോദ്യങ്ങൾക്കൊക്കെയും ഉത്തരമുണ്ടായി. സിനിമാ പ്രമോഷനല്ലേ, പരമാവധി നയവും വിനയവും അഭിനയിക്കുന്നവരെ അല്പ സമയത്തിനുള്ളിൽ ബോധ്യപ്പെടും. അഹങ്കാരികളെ അതിലും പെട്ടെന്ന്. കടന്നു വന്ന വഴികളിൽ അഭിമാനമാണ്, പക്ഷേ അതിൽ അധ്വാനവുമുണ്ട് എന്നാണ് ആസിഫ് പങ്കുവച്ചത്. അധ്യാപകരോട് കുട്ടിക്കാനം മരിയൻ കോളജിലെ വിശേഷങ്ങൾ പങ്കിട്ടു.

വെള്ളം എടുത്തു കൊടുത്ത ചേച്ചിമാരുടെ ഒപ്പവും സന്തോഷത്തോടെ ഫോട്ടോ എടുത്താണ് ആസിഫ് മടങ്ങിയത്. 'ഋതു'വിലും 'കഥ തുടരുന്നു' എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ടതോടെ ആസിഫ് പിന്നെ ചെയ്ത വേഷം 'അപൂർവരാഗ'ത്തിലേതാണെന്നു തോന്നുന്നു. തുടക്കത്തിലേ വ്യത്യസ്ത ഷേഡുകളിൽ അഭിനയിക്കാൻ റിസ്ക് എടുക്കുക എളുപ്പമല്ല. 'വയലിൻ', 'ഉയരെ', 'ഒഴിമുറി', 'ഇബ്ലീസ്' ഒക്കെ ഉദാഹരണമായി ഓർക്കാം. 'സാൾട്ട് & പെപ്പറി'ലെ മനുവിലൂടെ ടീനേജിൻ്റെ സ്വന്തമായ ആസിഫിൻ്റെ സിനിമാ യാത്രയിൽ ജയങ്ങളും പരാജയങ്ങളും ഉണ്ടായി. ശ്രദ്ധിക്കപ്പെട്ടതും പെടാത്തതുമായ ചിത്രങ്ങളുണ്ടായി.

നായകനല്ലാത്തത വേഷങ്ങളും ചെയ്തു. ഒരു ഹിറ്റുണ്ടാകുമ്പോഴേക്കും താരങ്ങളായി, ദൈവങ്ങളായി, കിട്ടാപ്പുള്ളികളായി പലരും പരിവർത്തനം ചെയ്യപ്പെട്ട കാലത്തും ആസിഫ് അതേ ലാളിത്യത്തോടെ തുടരുന്നത് കണ്ടിട്ടുണ്ട്. പല ഇൻറർവ്യൂകളിലും കുട്ടിത്തമുള്ളപ്പോഴും മനുഷ്യരെ ഹർട്ട് ചെയ്യാതിരിക്കാനുള്ള സ്വഭാവഗുണം നിരീക്ഷിച്ചിട്ടുണ്ട്. ആസിഫ് ഫോണെടുക്കില്ല എന്ന ട്രോളുകൾ കുറേ തമാശയായി കേട്ടിട്ടുണ്ട്. പക്ഷേ നിർമ്മാതാക്കൾക്കും സംവിധായകർക്കും അപ്രാപ്യമായ, ഭാരമാകുന്ന, ശല്യമാകുന്ന ഒരാളായി ഇതേവരെ കേട്ടിട്ടില്ല.

നമുക്ക് ഉള്ളിൽപ്പോയി തുരന്നു നോക്കാനൊന്നും പറ്റില്ല. പക്ഷേ ഇന്നത്തെ വാർത്താ സമ്മേളനത്തിലും അതേ പക്വതയും മാനവികബോധവും കണ്ടു. കല മനുഷ്യരെ കൂട്ടിയിണക്കുന്നതിനാണ്. പരസ്പരം മനസ്സിലാക്കാനും തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കാനും അസ്വസ്ഥരുടെ മനസ്സറിയാനും തയ്യാറാകുമ്പോൾ ഔന്നത്യപ്പെടുന്നു കല. സത്യം പറഞ്ഞാൽ ഈ സംഭവത്തിനു ശേഷം സോഷ്യൽ മീഡിയ തുറക്കാൻ തന്നെ വലിയ അസ്വസ്ഥതയുണ്ടായി. എന്തുമാത്രം വയലൻസാണ് മനുഷ്യർക്ക്. ആസിഫിനൊപ്പം നിൽക്കുക എന്നതിൽ യാതൊരു തെറ്റുമില്ല. അതാണ് ശരിയും. പക്ഷേ തെറ്റുപറ്റുന്ന ഒരാളുടെ നേർക്കുള്ള ആക്രോശങ്ങളും ഹീനമായ പരിഹാസങ്ങളും വയലൻസും ആദ്യം സംഭവിച്ച തെറ്റിനേക്കാൾ ഭീകരമായാണ് പരസ്യപ്പെട്ടത്. സ്വന്തം വീട്ടിലും തൊഴിലിടത്തിലും സമൂഹത്തിലും ഇതിലും വലിയ ഈഗോയും മേൽത്തര ബോധവും കൊണ്ടു നടക്കുന്നവർ പോലും ആൾക്കൂട്ടത്തിൽ ചേർന്ന് 'കുത്തിക്കീറി കുടൽമാലയെടുക്കുന്നു.'

ആസിഫ് വിളിച്ചിട്ട് ഫോണെടുത്തില്ല എന്ന് രമേശ് നാരായൺ പറഞ്ഞതു കേട്ടു. തീർച്ചയായും ആസിഫ് മറുപടി പറയും. കാത്തിരിക്കാമെന്നു കരുതി. പനിയാണ്, ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് എല്ലാമറിയുന്നത്, തന്ന സ്നേഹത്തിന് എല്ലാം നന്ദി എന്ന് അടഞ്ഞ തൊണ്ടയോടെ പറഞ്ഞു തുടങ്ങിയ ആസിഫ് പങ്കുവച്ചതിൻ്റെ മലയാളം "മനുഷ്യരല്ലേ "!…. എന്നാണ് മനുഷ്യരെ തമ്മിൽ തല്ലിക്കാനല്ല, കൂട്ടിപ്പിടിക്കാനാണ് കല / കലാകാരൻ എന്ന് തെളിയിച്ച ആസിഫിനോട് ആദരം.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us