സൂര്യ നായകനായി എത്തിയ 'സൂരറൈ പോട്ര്' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ 'സർഫിര'യെ പ്രശംസിച്ച് ദുൽഖർ സൽമാൻ. ഒരു ക്ലാസിക് ചിത്രത്തെ മറ്റൊരു ഭാഷയിലേക്ക് ഒരുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ സുധ കൊങ്കരയും സംഘവും അതിൽ വിജയിച്ചുവെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. അക്ഷയ് കുമാർ, സൂര്യ, ജ്യോതിക, ജി വി പ്രകാശ് ഉൾപ്പടെയുള്ള സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
'ഒരു ക്ലാസിക് മറ്റൊരു ഭാഷയിലേക്ക് പുനർനിർമ്മിക്കുന്നത് എല്ലായ്പ്പോഴും വളരെ ബുദ്ധിമുട്ടാണ്! എന്നാൽ സുധ കൊങ്കര അത് അനായാസമായി ചെയ്തു. അക്ഷയ് കുമാർ, രാധിക മദൻ, പരേഷ് റാവൽ തുടങ്ങിയ എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ. ശരത് കുമാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഈ കഥയെ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ച സൂര്യ, ജ്യോതിക എന്നിവർക്കും അഭിനന്ദനങ്ങൾ. തന്റെ അതിരുകളില്ലാത്ത കഴിവിന് എന്റെ സഹോദരൻ ജി വി പ്രകാശിനും അഭിനന്ദനങ്ങൾ,' എന്ന് ദുൽഖർ കുറിച്ചു.
Reimagining a classic into another language is always so difficult ! But my dear @Sudha_Kongara does it effortlessly, making it authentic and rooted ! Kudos to all the actors @akshaykumar sir, so sincere #radhikkamadan so delightful and #simabiswas maam makes your insides hurt… pic.twitter.com/NZkjZ05hxn
— Dulquer Salmaan (@dulQuer) July 16, 2024
അതേസമയം സർഫിരയ്ക്ക് തിയേറ്ററുകളിൽ മോശം പ്രതികരണമാണ് ലഭിക്കുന്നത്. 'ബഡേ മിയാൻ ഛോട്ടേ മിയാൻ', 'മിഷൻ റാണിഗഞ്ച്', 'സെൽഫി', 'രാം സേതു' തുടങ്ങിയ സമീപകാല സിനിമകളുടെ മോശം പ്രകടനങ്ങൾക്കിപ്പുറം അക്ഷയ് കുമാർ ആരാധകർ പ്രതീക്ഷ നൽകിയിരുന്ന സിനിമയായിരുന്നു സർഫിര. എന്നാൽ ആദ്യദിനത്തിൽ സിനിമ നേടിയത് 2.40 കോടി മാത്രമാണ്.
കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ ഒരു അക്ഷയ് കുമാർ ചിത്രം നേടുന്ന ഏറ്റവും മോശം ആദ്യദിന കളക്ഷനാണിത്. സെൽഫി, ബെൽബോട്ടം എന്നിവയായിരുന്നു നടന്റെ കരിയറിലെ ഏറ്റവും മോശം ആദ്യദിന കളക്ഷൻ ലഭിച്ച സിനിമകൾ. സെൽഫി 2.55 കോടിയും ബെൽബോട്ടം 2.75 കോടിയുമായിരുന്നു ആദ്യദിനത്തിൽ നേടിയത്.