ശങ്കർ-കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' പത്താം ദിവസത്തിലേക്ക്. ജൂലൈ 12-ന് റിലീസ് ചെയ്ത സിനിമ രണ്ടാം ആഴ്ച്ചയിലും പ്രദർശനം തുടരുന്നുണ്ട് എങ്കിലും താരതമ്യേന പ്രതീക്ഷിച്ച കളക്ഷൻ നേടാനാകുന്നില്ല എന്നത് നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സാക്ക്നിൽക്കിന്റെ കണക്കുകൾ പുറത്തു വരുമ്പോൾ ഒൻപതാം ദിവസമായ ഞായറാഴ്ച്ച നാല് കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 5.5 കോടിയും സിനിമ സ്വന്തമാക്കിയിട്ടുണ്ട്.
ഇതോടെ 149 കോടിയാണ് ഇതുവരെ ചിത്രം സ്വാന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അടുത്ത ദിവസത്തെ കളക്ഷൻ കൂടിയെത്തുമ്പോൾ സിനിമ 150 കോടിയലേക്കെത്തുമെന്നും കണക്ക് കൂട്ടുന്നു. 50 കോടി ക്ലബ്ബിൽ ഇടം നേടിയതിന് ശേഷം ഇന്ത്യൻ 2 ബോക്‌സ് ഓഫീസിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ചിത്രത്തിന് ലഭിച്ച ശരാശരിയിലും താഴെയുള്ള പ്രതികരണങ്ങൾ ബോക്‌സ് ഓഫീസിൽ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇന്ത്യൻ 2. എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സിനിമ ഉയർന്നില്ല എന്ന പ്രതികരണമാണ് തുടക്കം മുതൽ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സംഗീത സംവിധാനം നിർവഹിച്ചത്. ഇന്ത്യനിൽ എ ആർ റഹ്മാനായിരുന്നു സംഗീതം. ഇനി വരാനിരിക്കുന്നത് ഇന്ത്യൻ 3. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.