ഇന്ത്യൻ സിനിമ മേഖലയിലെ ലെജൻഡുമാരുടെ പട്ടികയിൽ വളരെ കുറച്ച് സിനിമകൾ കൊണ്ട് ഇടം നേടിയ എസ് എസ് രാജമൗലി എന്ന അതുല്യ സംവിധായകന്റെ സിനിമ ജീവിതം ഡോക്യുമെന്ററിയാവുകയാണ്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുന്ന 'മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
രണ്ട് മിനിറ്റ് ദൈർഘ്യമുളള ട്രെയ്‍ലറിൽ ജൂനിയർ എൻടിആർ, പ്രഭാസ്, രാം ചരൺ, കരൺ ജോഹർ, എം എം കീരവാണി തുടങ്ങിയവർ രാജമൗലിയുമായുള്ള തങ്ങളുടെ അനുഭവങ്ങളെ കുറിച്ചും സിനിമയോട് അദ്ദേഹം കാട്ടുന്ന അകമഴിഞ്ഞ സ്നേഹത്തെയും അർപ്പണ മനോഭാവത്തെയും കുറിച്ചും പറയുന്നതിന്റെ ചില ഭാഗങ്ങളും കാട്ടുന്നുണ്ട്.
രാജമൗലിയുടെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് അവസാനമെത്തിയ ചിത്രമാണ് ബാഹുബലി സീരീസും ആർ ആർ ആറും. ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയ സംവിധായകന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
'മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്ലിക്സാണ് നടത്തിയത്. ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി ഓഗസ്റ്റ് രണ്ടിന് പ്രീമിയർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജമൗലിയുടെ കരിയറിനെ കുറിച്ചുള്ള വളരെ വിശദമായ കഥയാണ് 'മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി' എന്ന ഡോക്യുമെന്ററിയിലൂടെ പറയുന്നത്.
ജെയിംസ് കാമറൂൺ, ജോ റൂസോ തുടങ്ങി നിരവധി പ്രമുഖ സംവിധായകരുടെയും സിനിമ പ്രവർത്തകരുടെയും അഭിമുഖങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുപമ ചോപ്രയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ കലാകരന്മാർക്ക് ആദരം അർപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് മോഡേൺ മാസ്റ്റേഴ്സ് സീരീസിൻ്റെ ഭാഗമായാണ് എസ് എസ് രാജമൗലിയുടെ ജീവിതവും ഉൾപ്പെടുത്തിയിരിക്കുന്നത്. ദി ഗ്രേറ്റസ്റ്റ് റിവലി - ഇന്ത്യ Vs പാകിസ്ഥാൻ, യോ യോ ഹണി സിംഗ്: 2024 എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് ഡോക്യുമെൻ്ററികൾ.