ധനുഷിന്റെ അമ്പതാം ചിത്രമായ രായൻ 26-ന് റിലീസിനെത്തുകയാണ്. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് സെയിലിലൂടെ വിറ്റത് 60,000 ടിക്കറ്റുകളാണ് എന്നാണ് ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‍നാട്ടില്‍ മാത്രം റിലീസിന് മുന്നേ നേടിയത് 1.50 കോടി രൂപയാണ്.
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്നും ചിത്രം വയലൻസ് നിറഞ്ഞതായിരിക്കുമെന്നും ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. കാളിദാസ് ജയറാം, നിത്യ മേനൻ, സുന്ദീപ് കിഷൻ, ദുഷാര, വരലക്ഷ്‍മി ശരത്‍കുമാര്‍, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.