'ആരാണ് ഇത്ര ഭയക്കുന്നത്'; ഹേമ കമ്മിറ്റി റിപ്പോർട്ട് സ്റ്റേയിൽ സജിമോനെ തള്ളി നിർമ്മാതാക്കളുടെ സംഘടന

'ചിലർ സിനിമയിൽ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്'

dot image

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമോൻ പറയിലിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന. സജിമോൻ അസോസിയേഷനിൽ അംഗമല്ലെന്നും റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിലപാടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.

അതേസമയം, സിനിമയിൽ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് അവർ പല മാർവും സ്വീകരിക്കുമെന്നും വിനയന്‍ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരാത്തതിന് പിന്നിൽ ചിലരുടെ ഭയമാണെന്നും കുറച്ചുപേരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും ചിന്തിക്കുന്നുവെങ്കില്‍ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയും ഇവിടെയില്ല എന്നും വിനയന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നുവെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. കോടതി ഉത്തരവ് പരിശോധിച്ച് തീരുമാനം എടുക്കുമെന്നും വ്യക്തിപരമായ ആക്ഷേപം ഒഴിച്ചുള്ള ഭാഗങ്ങള്‍ കൊടുക്കാനായിരുന്നു നിര്‍ദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് സജിമോന്‍ പറയിലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി സ്റ്റേ.

എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും വിവരാവകാശം നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പി എം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഒരാഴ്ചയ്ക്കകം എതിര്‍കക്ഷികള്‍ മറുപടി നല്‍കണം.

വിവരാവകാശ നിയമപ്രകാരം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്.

Also Read:

dot image
To advertise here,contact us
dot image