ജീവൻ പോലെ അലീന സൂക്ഷിച്ചുവെച്ച സെവൻ ബെൽസ് എന്ന സംഗീതോപകരണം വായിച്ചുവെന്നതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിശാൽ കൃഷ്ണമൂർത്തി, വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കോളേജിൽ തിരിച്ചെത്തുന്നു. തിരിച്ചെത്തുന്നു എന്ന് പറയുന്നതിനേക്കാൾ ഒരുപക്ഷെ തിരിച്ചെത്തിക്കുന്നു എന്ന് പറയുന്നതാകും ശരി. കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് വിശാൽ കൃഷ്ണമൂർത്തിയിലൂടെ മഹേശ്വറിന് അലീനയോട് ആ സത്യം പറയണമായിരുന്നു. അതിന് വിശാലിനെ സെവൻ ബെൽസിലേക്ക് എത്തിക്കുക എന്നതായിരുന്നു മഹേശ്വറിന്റെ ലക്ഷ്യം.
മഹേശ്വറിന് മാത്രം അറിയുന്ന, അലീനയല്ലാതെ മറ്റൊരും ഇതുവരെ കേൾക്കാത്ത കോംപോസിഷൻ വിശാൽ കൃഷ്ണമൂർത്തി മാത്രമാണ് ആദ്യം കേട്ടിരുന്നത്. അതേ, ആർക്കോ ആരോടോ അല്ല, മഹേശ്വറിന് വിശാലിലൂടെ അലീനയോടായിരുന്നു അത് പറയേണ്ടിയിരുന്നത്. സിനിമയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ വളരെ നിർണായകമായ ആ സീനിൽ പ്രേക്ഷകരോട് സംവിധായകനും അത് പറഞ്ഞു വെയ്ക്കുന്നുണ്ട്. ലാബിന്റെ വാതിലിൽ നിന്ന് ആകാശത്തേക്ക് ആ രണ്ട് ഇണപ്രാവുകൾ പറന്നകലുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകരും ആ സംഗീതത്തിൽ ലയിച്ചു പൊകുന്നുണ്ട്.
സിനിമാറ്റോഗ്രാഫി കൊണ്ടും ലോക്കേഷൻ കൊണ്ടും ആർട്ട് ഡയറക്ഷൻ കൊണ്ടും അതിമനോഹരമായ ഫ്രെയ്മുകൾ, പെർഫെക്ട് എന്ന് വിളിക്കാനാകുന്ന കാസ്റ്റിങ്, അതിനുമപ്പുറം ആരേയും പ്രണയിക്കാൻ കൊതിപ്പിക്കുന്ന രോമാഞ്ചം നൽകുന്ന സംഗീതം ഇതെല്ലാം ഏറ്റവും മികവാർന്ന ദൃശ്യ-ശ്രവണ വൈഭവത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. മലയാള സിനിമ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ദേവദൂതൻ നാളെ തിയേറ്ററുകളിലെത്തുമ്പോൾ പുതിയ സിനിമ കാണുന്ന അതേ ആവേശം തന്നെയാണ് പ്രകടിപ്പിക്കുന്നത്.
സിബി മലയിലിന്റെ സംവിധാനത്തിൽ ഊട്ടി പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിലെ ഗാനങ്ങളും ടീസർ-ട്രെയിലറും റീമാസ്റ്റേർഡ് വേർഷനിൽ കഴിഞ്ഞ ദിവസങ്ങലളിൽ നിർമ്മാതാക്കളായ കോക്കേഴ്സ് ഫിലിംസ് പുറത്തുവിട്ടിരുന്നു. തിയേറ്ററിൽ കാണാൻ കാത്തിരിക്കുന്ന ചിത്രം എന്നായിരുന്നു പ്രേക്ഷകർ നൽകിയ പ്രതികരണങ്ങൾ.
24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിൽ ദേവദൂതനെ എത്തിക്കുന്നതിൽ ആകാംക്ഷയിലാണ് ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ, സിബി മലയിൽ, തിരക്കഥകൃത്ത് രഘുനാഥ് പലേരി, മോഹൻലാൽ തുടങ്ങിയവർ. 2000ത്തിൽ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലറിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സന്തോഷ് സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.