മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഡെഡ്പൂൾ ആൻഡ് വോൾവറിൻ' എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും നാളുകളായി മാർവൽ സിനിമകൾക്കേറ്റ തിരിച്ചടികൾക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് ആദ്യ പ്രതികരണം. അടിമുടി എന്റർടെയ്ൻ ചെയ്യിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ടെന്നും മാർവൽ ആരാധകർക്ക് ഒരുവിധത്തിലും നിരാശ സമ്മാനിക്കാത്ത സിനിമയായിരിക്കുമിത് എന്നുമാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
ഡെഡ്പൂളായുളള റയാൻ റെയ്നോൾഡ്സിന്റെയും ലോഗനായുള്ള ഹ്യൂ ജാക്ക്മാന്റെ പ്രകടനങ്ങങ്ങൾ തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകൾ. ഒപ്പം മാർവൽ ആരാധകരെ ത്രസിപ്പിക്കുന്ന പല കാമിയോ വേഷങ്ങളും റെഫറൻസുകളും സിനിമയിലുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ആക്ഷനും കോമഡിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രം ആരാധകർക്ക് ഒരു ആഘോഷമായിരിക്കും എന്നാണ് ആദ്യ പ്രതികരണങ്ങൾ നൽകുന്ന സൂചന.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്‌നോൾഡ്‌സിന്റെ മുൻചിത്രങ്ങളായ ഫ്രീ ഗയ്, ദി ആദം പ്രൊജക്റ്റ് എന്നീ സിനിമകളും ഷോൺ ലെവിയാണ് ഒരുക്കിയത്. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.