സ്ത്രീകളോട് മോശമായ പെരുമാറ്റം, ലൈം​ഗികാതിക്രമം; നടൻ ജോൺ വിജയ്ക്കെതിരായ പരാതികളുടെ തെളിവുമായി ചിന്മയി

മാധ്യമപ്രവർത്തകയോട് നടൻ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടനെതിരെ ഒന്നിലധികം പരാതികളുള്ളതിന്റെ തെളിവ് ചിന്മയി പുറത്ത് കൊണ്ടുവരുന്നത്

dot image

സ്ത്രീകളോട് മോശമായ പെരുമാറ്റവും ലൈം​ഗികാതിക്രമവും നടത്തിയെന്ന ആരോപണത്തിൽ തെന്നിന്ത്യൻ നടൻ ജോൺ വിജയ്ക്കെതിരായ തെളിവുകൾ പുറത്ത്. കുറച്ച് സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകളാണ് ഗായികയായ ചിന്മയി പുറത്തുവിട്ടിരിക്കുന്നത്. അഭിമുഖമെടുക്കാൻ പോയ മാധ്യമപ്രവർത്തകയോട് നടൻ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടനെതിരെ ഒന്നിലധികം പരാതികളുള്ളതിന്റെ തെളിവായി സ്ക്രീൻഷോട്ട് പുറത്തുവിട്ടത്.

ജോലി സ്ഥലത്തും പരസ്യമായും നടൻ മോശമായ തരത്തിൽ സ്ത്രീകളെ നോക്കുന്നത് അവരിൽ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് സ്ക്രീൻഷോട്ടുകളിലെ ഉള്ളടക്കം. മാധ്യമ പ്രവർത്തക അഭിമുഖത്തിന് ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നും സംഭവം കണ്ട ഷോയുടെ വനിതാ സംവിധായിക പോലും പ്രതികരിച്ചില്ലെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു.

'ഇയാൾ പൊതുജനങ്ങൾക്ക് വരെ ഒരു ശല്യമാണ്. ചെന്നൈയിലെ ക്ലബുകളിലേയും പബ്ബുകളിലേയും സ്ഥിരസന്ദർശകനാണ് ജോൺ വിജയ്. 'നോ' എന്ന വാക്കിന്റെ അർത്ഥം ഇയാൾക്ക് അറിയില്ല. ഒരിക്കൽ ശല്യം സഹിക്ക വയ്യാതെ ഞാൻ ക്ലബിലെ ബൗൺസർമാരെ അറിയിക്കുകയായിരുന്നു', ചിന്മയി പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻഷോട്ടിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. മുൻപും നടനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു വീഡിയോ ജോക്കി ഉൾപ്പെടെ നിരവധി സ്ത്രീകൾ ജോൺ വിജയ്ക്കെതിരെ മീ ടൂ ഉന്നയിച്ച് രംഗത്തെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2018-ൽ ജോൺ വിജയ് മാപ്പപേക്ഷിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.

ഏതെങ്കിലും ഉദ്ദേശത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ അല്ല താൻ പ്രവർത്തിക്കാറുള്ളത് എന്നും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് ശരിക്ക് ഓർമയില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം. 'തമാശയും രസകരവുമാണെന്ന് ഞാൻ കരുതിയ എൻ്റെ അഭിപ്രായങ്ങൾ ആരെയെങ്കിലും ഏതെങ്കിലും സമയത്ത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, എൻ്റെ പെരുമാറ്റം എന്നെയും വൈകാരികമായി വേദനിപ്പിക്കുന്നുവെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'വെന്നും ജോൺ വിജയ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us