തിയേറ്ററിൽ പ്രേക്ഷകരെ അവേശത്തിലാക്കി ധനുഷിന്റെ അമ്പതാം ചിത്രം. 'രായൻ തമിഴകം' ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ഓപ്പണിങ് ദിവസമായ കഴിഞ്ഞ ദിവസത്തെ കളക്ഷനിൽ നിന്ന് വ്യക്തമാകുന്നത്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 23 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ഇത് എന്നാണ് മനസിലാക്കേണ്ടത്.
കഴിഞ്ഞ കുറച്ച് കാലമായി കോളിവുഡിനെ ബാധിച്ചിരിക്കുന്ന നഷ്ടങ്ങൾക്ക് അറുതിവരുത്താന്‍ രായന് തുടക്കമിടാന്‍ കഴിയുമെന്ന് തന്നെ കരുതാം. 100 കോടി ബോക്സ് ഓഫീസ് കളക്ഷനിൽ കുറവൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് അനലിസ്റ്റുകളുടെയുെം പ്രവചനം. വാത്തി എന്ന ചിത്രമാണ് ഇതിന് മുൻപ് ധനുഷ് കോളിവുഡ് ബോക്സ് ഓഫീസിന് നൽകിയ 100 കോടി ചിത്രം.
ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷിനൊപ്പം സിനിമയിൽ കയ്യടി നേടുന്ന മറ്റൊരു പേര് എ ആർ റഹ്മാന്റേതാണ്. അദ്ദേഹത്തിന്റെ സംഗീതമാണ് സിനിമയുടെ നട്ടെല്ലെന്ന് പലരും പറയുന്നു. എത്ര കാലം കഴിഞ്ഞാലും എ ആർ റഹ്മാൻ എന്ന സംഗീതജ്ഞന്റെ മികവിൽ കുറവ് വരില്ലെന്ന് രായൻ ഉറക്കെ പറയുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.