'കുപ്പത്തൊട്ടിയിൽ കിടന്ന ഒരു സിനിമയാണ് മാണിക്യമായി വന്നിരിക്കുന്നത്'; ദേവദൂതനെ കുറിച്ച് സിബി മലയിൽ

' 24 വർഷം മുൻപ് മരിച്ചു പോയതാണ് ഈ സിനിമ, എന്നാൽ അത് ഇന്ന് ഉയിര്‍ത്തെഴുന്നേറ്റു'

dot image

ദേവദൂതനെ വീണ്ടും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ സിബി മലയിൽ. 24 വർ‌ഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആ​ഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു എന്നത് സന്തോഷം നൽകുന്നു. വീണ്ടും ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഇങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാൽ സിനിമയുടെ ഓൺലൈൻ ബുക്കിങ് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും സിബി മലയിൽ പറയുന്നു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാ സാഗറിനെ കുറിച്ച് പറഞ്ഞ അദ്ദേഹം പുതു തലമുറയുടെ സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ചും സംസാരിച്ചു. ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയാണ്. പലപ്പോഴും അവരുടെ കാഴ്ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്. പക്ഷേ നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരാണ് എന്നും സംവിധായകൻ വ്യക്തമാക്കി.

'ഷൂട്ട് തുടങ്ങുന്നതിന്റെ ആറ് മാസം മുൻപേ കഥയെ കുറിച്ച് വിദ്യ ജിയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു. അന്ന് മുതലേ മനസിൽ അദ്ദേഹം അത് വർക്ക് ചെയ്ത് തുടങ്ങി കാണണം. ''എന്തരോ മഹാനു ഭാവുലു'' കീർത്തനം മതിയെന്ന് തീരുമാനിച്ചത് അദ്ദേഹമാണ്. ആ ഒരു പാട്ടിന് വേണ്ടി മാത്രം ഒരു മാസം സമയമെടുത്തു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് 'പ്രണയവർണങ്ങൾ' എന്ന ചിത്രത്തിലൂടെയാണ്. എനിക്ക് ഏറ്റവും മനോഹരമായി പാട്ടുകൾ വിദ്യ ജിയോടൊപ്പം വ‍‌‍ർക്ക് ചെയ്തപ്പോൾ നൽകിയിട്ടുണ്ട്. തുട‍‌‍ർച്ചയായി ഞങ്ങൾ ചെയ്ത നാലാമത്തെ സിനിമയായിരുന്നു 'ദേവദൂതൻ'. അതുകൊണ്ടു തന്നെ എനിക്ക് എന്താണ് വേണ്ടത് എന്നത് അദ്ദേഹത്തിനും, അദ്ദേഹം എനിക്ക് എന്ത് നൽകുമെന്നത് എനിക്കും അറിയാം.

സിനിമയുടെ എല്ലാ ടെക്നീഷ്യൻമാ‍രും പ്രവ‍ർത്തകരും ഈ സിനിമയുടെ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. അന്നത്തെ കാലത്ത് സിനിമയിൽ എല്ലാ കോംബോയും ഒത്തുവന്നെങ്കിലും റിസൾട്ട് നിരാശപ്പെടുത്തുന്നതായിരുന്നു. പക്ഷെ 24 വർഷത്തിന് ശേഷം വീണ്ടും സിനിമ വന്നു. എന്റെ അറിവിൽ ലോക സിനിമയിൽ പോലും ഉണ്ടാകാത്ത ഒന്നാണ് ഇത്, 24 വർ‌ഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആ​ഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു. ഞങ്ങളാരും ഇങ്ങനൊരു വിജയം പ്രതീക്ഷിച്ചതല്ല. കുറച്ചുപേ‍ർ വരും കാണും പോകുമെന്നാണ് കരുതിയത്.

എന്നാൽ സിനിമയുടെ ബുക്കിങ്ങ് ആരംഭിച്ചപ്പോൾ മുതൽ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ് ആളുകൾ ഇത് ഏറ്റെടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് 42 വർഷത്തെ യാത്രയാണ്. സത്യസന്ധമായും ആത്മാർത്ഥമായും നമ്മൾ ഒരു ജോലി ചെയ്താൽ അതിന് പ്രതിഫലം ഉണ്ടാകും. ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയാണ്. പലപ്പോഴും അവരുടെ കാഴ്ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്. പക്ഷെ നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരാണ്, സിനിമയുടെ നന്മയെ തിരിച്ചറിഞ്ഞത് പുതിയ തലമുറയാണ്'- അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ മോഹൻലാലിന്റെ ഫൈറ്റ് സീനിനെ കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ;

'മോഹൻലാൽ വരുന്നതിന് മുൻപ് സിനിമയിൽ അങ്ങനെ ഒരു ട്രാക്ക് ഉണ്ടായിരുന്നില്ല. മോഹൻലാൽ വന്നതോടുകൂടി, അദ്ദേഹത്തിന്റെ സ്റ്റാർഡത്തെ പരിഗണിച്ചു. അദ്ദേഹത്തിന്റെ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുണ്ടല്ലോ. ഇപ്പോൾ അത്രമാത്രം ചേർത്തിട്ടില്ല. കഥയുമായി ബന്ധമില്ലാത്ത ഫൈറ്റ് സീക്വൻസും അമ്പിളി ചേട്ടന്റെ ചില സീനുകളും മാറ്റി. അത് അവരുടെയല്ല, ഞങ്ങളുടെ തെറ്റിദ്ധാരണയുടെ പ്രശ്നമാണ്. 34 മിനിറ്റാണ് ഞങ്ങൾ കട്ട് ചെയ്തത്. രണ്ട് മണിക്കൂർ 44 മിനിറ്റ് ഉണ്ടായിരുന്ന സിനിമ ഇപ്പോൾ രണ്ട് മണിക്കൂർ 12 മിനിറ്റാണ്.

ഇത് മനുഷ്യനാൽ സാധിക്കുന്നതല്ല, ഒരു ദൈവികതയുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് കുപ്പത്തൊട്ടിയിൽ കിടന്ന ഒരു സിനിമ മാണിക്യമായി വന്നിരിക്കുന്നത്. ഈ സിനിമ 24 വർഷം മുൻപ് മരിച്ചു പോയതാണ് , എന്നാൽ അതിനെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആ ഉയർത്തെഴുന്നേൽപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്'- സിബി മലയില്‍ പറഞ്ഞു.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us