24 വർഷങ്ങൾക്ക് ശേഷം വീണ്ടും ദേവദൂതൻ തിയേറ്ററുകളിലേക്ക് വീണ്ടുമെത്തിയപ്പോൾ മികച്ച സ്വീകരണമാണ് സിനിമാപ്രേമികൾ നൽകുന്നത്. ഒരിക്കല്‍ പരാജയപ്പെട്ട ചിത്രത്തിന് ഇക്കുറി മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. സിനിമ ഇതിനകം കേരളത്തിൽ നിന്ന് മാത്രം 1.20 കോടി രൂപയില്‍ അധികം നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നത്.
ആദ്യ ദിനത്തിൽ 56 തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ പ്രേക്ഷകരുടെ ആവശ്യം മൂലം ഇപ്പോൾ 100 തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.
സിനിമ 24 വർഷത്തിന് ശേഷം ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതിയില്ലെന്ന് സിബി മലയിലും പറഞ്ഞു. ഒരു സിനിമ റീറിലീസ് ചെയ്യുന്നു, അതിൽ കോടി ക്ലബ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് പേര് മാത്രം ദേവദൂതൻ കണ്ട് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ ഓൺലൈൻ പ്രീ ബുക്കിങ് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നും സിബി മലയിൽ ഇന്ന് മാധ്യമങ്ങളോട് സംവദിക്കവെ പറഞ്ഞു.
കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.