വലിയ പ്രതീക്ഷകളോടെയാണ് ശങ്കറിന്റെ പുതിയ റിലീസ് 'ഇന്ത്യൻ 2' തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാതെ തിയേറ്ററുകളില്‍ തുടരുമ്പോഴും അടുത്ത സിനിമയ്ക്കായുള്ള തിരക്കുകളിലേക്ക് മുഴുകിയിരിക്കുകയാണ് ശങ്കർ. അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ട് 'ഗെയിം ചേഞ്ചറാ'ണ്. രാം ചരൺ, കിയാര അധ്വനി എന്നിവർ പ്രധാന റോളുകളിലെത്തുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. കാർത്തിക് സുബ്ബരാജിന്റേതാണ് തിരക്കഥ.
സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ശങ്കർ സംസാരിക്കുകയുണ്ടായി. കാർത്തിക്കിനൊപ്പമുള്ള അനുഭവം വ്യത്യസ്തമാണ് എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. കാർത്തിക് സുബ്ബരാജാണ് കഥ പറഞ്ഞതെന്നും താൻ അത് റെക്കോർഡ് ചെയ്ത് പിന്നീട് ചില ഭാഗങ്ങൾ വികസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തുറന്ന് പറയാൻ സാധിച്ചതിനാൽ നിരവധി ആശയങ്ങളും സിനിമയുടെ കഥയിൽ തൻ്റെ ശൈലി ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ സാധിച്ചതായും ശങ്കർ കൂട്ടിച്ചേർത്തു.
ഈ ജോലി താൻ ആസ്വദിച്ചാണ് ചെയ്തത്. എസ് ജെ സൂര്യയും രാം ചരണും തമ്മിലുള്ള രംഗങ്ങൾ എഴുതിയതാണ് എനിക്ക് കൂടുതൽ ഇഷ്ടമായതെന്നും ശങ്കർ പറഞ്ഞു. 'ഗെയിം ചേഞ്ചർ' ഈ വർഷം ക്രിസ്മസിന് തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത്. എസ് തമൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരായാണ് രാം ചരണും കിയാരയും അഭിനയിക്കുന്നത്. എസ് ജെ സൂര്യയാണ് വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണെന്നാണ് റിപ്പോർട്ട്. 250 കോടിയ്ക്കാണ് സി 5 ഒടിടി അവകാശം നേടിയത്.