സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന സിനിമയിൽ മോഹൻലാൽ പുതിയ ലുക്കിൽ വരുമെന്ന് റിപ്പോർട്ട്. ഏറെ വർഷങ്ങൾക്കിപ്പുറം താടിയില്ലാതെ നടനെ കാണാൻ കഴിയുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമോ സൂചനകളോ ഒന്നും വന്നിട്ടില്ല.
ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്. 2015 ൽ ഇറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഹൃദയപൂർവത്തിന്റെ ചിത്രീകരണം ഈ വർഷം ഡിസംബറിൽ ആരംഭിക്കും. ചിത്രത്തിൽ നായിക ആരായിരിക്കും എന്നതിൽ തീരുമാനമായിട്ടില്ല. ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരനുമാണ്.
മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്നാണ് സത്യൻ അന്തിക്കാട് മുമ്പ് അറിയിച്ചത്. ജയറാമിനെ നായകനാക്കി ഒരുക്കിയ 'മകൾ' ആയിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിയ അവസാന ചിത്രം.